ലക്ഷദ്വീപിലേക്കും അഗത്തിയിലേക്കും കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി കൊച്ചി രാജ്യാന്തരവിമാനത്താവള കമ്പനിയായ സിയാല്‍. തിരക്കേറിയ റൂട്ടുകളിലേക്കും, പ്രധാന നഗരങ്ങളിലേക്കും അധിക സര്‍വീസുകള്‍ ആരംഭിക്കാനുള്ള സിയാലിന്റെ ശ്രമങ്ങള്‍ക്ക് എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് ലഭിക്കുന്നതും നല്ല പ്രതികരണമാണ്. വിമാന സര്‍വീസുകളുടെ എണ്ണം കൂടുന്നത് യാത്രാ നിരക്കുകള്‍ കുറയാനും സഹായകമാകും.
ലക്ഷദ്വീപ് വാസികളുടെ യാത്രാദുരിതത്തിന് വലിയൊരളവില്‍ പരിഹാരം കാണുന്നതാണ് അഗത്തിയിലേക്കുള്ള വിമാനസര്‍വീസുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള സിയാലിന്റെ തീരുമാനം. നിലവില്‍ അഗത്തിയിലേക്ക് കൊച്ചിയില്‍ നിന്ന് മാത്രമാണ് വിമാനസര്‍വീസുകളുള്ളത്. അലയന്‍സ് എയര്‍ ആഴ്ചയില്‍ ഏഴ് സര്‍വീസാണ് നടത്തുന്നത്. അത് 9 ആകും. അതോടൊപ്പം ഏപ്രില്‍ മുതല്‍ ഇന്‍ഡിഗോയും അഗത്തിയിലേക്ക് സര്‍വീസ് ആരംഭിക്കും. കൊച്ചി ബംഗ്ളുരു സെക്ടറില്‍ പ്രതിദിനം ശരാശരി 16 വിമാനങ്ങളായിരിക്കും ഇനി സര്‍വീസ് നടത്തുക. മുംൈബ, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങിലേക്കുള്ള സര്‍വീസുകളുടെ എണ്ണവും കൂടും. വിമാനങ്ങളുടെ എണ്ണം കൂടുന്നതോടെ പ്രധാന നഗരങ്ങളിലേക്ക് കൊച്ചിയില്‍ നിന്നുള്ള യാത്രാനിരക്കിലും ഗണ്യമായ കുറവുണ്ടാകും. അലയന്‍സ് എയറിന്റെ കണ്ണൂര്‍, തിരുപ്പതി, മൈസൂര്‍ പ്രാദേശിക സര്‍വീസുകളും ഉടന്‍ ആരംഭിക്കും. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് നിലവില്‍ കൊച്ചിയില്‍ നിന്ന് 114 സര്‍വീസുകളുണ്ട്. എത്തിഹാദും എയര്‍ അറേബ്യയുമാണ് ഈ സെക്ടറിലേക്ക് അധിക സര്‍വീസ് നടത്താമെന്ന് അറിയിച്ചിട്ടുള്ളത്. ബാങ്കോക്ക്, കോലാലംപൂര്‍ എന്നിവിടങ്ങളിലേക്കും ഇനി മുതല്‍ അധികസര്‍വീസുകളുണ്ടാകും. വിനോദസഞ്ചാരികള്‍ക്ക് മാത്രമല്ല ഒാസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ഇത് ഗുണംചെയ്യും. അധികസര്‍വീസുകള്‍ വഴി യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വളര്‍ച്ചയാണ് ഈ സാമ്പത്തിക വര്‍ഷം സിയാല്‍ ലക്ഷ്യമിടുന്നത്.
kochi international airport company sial is about to start more flight services