മുഖ്യമന്ത്രി പിണറായി വിജയന്‍റെ എസ്കോര്‍ട്ട് വാഹനത്തിന്‍റെ ടയര്‍ മാറാന്‍ 63,871 രൂപ അനുവദിച്ച് സര്‍ക്കാര്‍. KL.01.CV.6683 എന്ന നമ്പറിലുള്ള കിയ കാര്‍ണിവല്‍ വാഹനത്തിനാണ് നാല് ടയറുകള്‍ മാറാന്‍ 63,871 രൂപ അനുവദിച്ച് ഈ മാസം 7ന് ഉത്തരവിറങ്ങിയത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഇത്രയധികം എസ്കോര്‍ട്ട് വാഹനങ്ങളുമായി മുഖ്യമന്ത്രി സഞ്ചരിക്കുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എസ്കോര്‍ട്ട് വാഹനങ്ങള്‍ ഒഴിവാക്കാനെന്ന വാദം ഉയര്‍ത്തിയാണ് നവകേരളസദസിന് ബസ് വാങ്ങിയത്. എന്നാല്‍ നവകേരളസദസിലുടനീളം ഇതേ കിയ കാര്‍ണിവല്‍ എസ്കോര്‍ട്ട് വാഹനമായി ബസിനൊപ്പം സഞ്ചരിച്ചിരുന്നു. ഈ വാഹനത്തിന് ടയര്‍ മാറാനാണ് ഇപ്പോള്‍ ഇത്രയും തുക അനുവദിച്ചിരിക്കുന്നത്.
ടയര്‍ മാറാനായുള്ള ഇത്രയും അധികം തുക സംസ്ഥാന പൊലീസ് മേധാവിയുടെ സാമ്പത്തിക പരിധിക്ക് മുകളിലായതിനാല്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്.
2022 ജൂണ്‍ മാസമാണ് ഇന്നോവ കാറുകള്‍ക്കു പുറമേ പുതിയ കിയ കാര്‍ണിവല്‍ വാഹനം കൂടി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടുത്താന്‍ ഉത്തരവായത്. ഇതിനായി 33 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചിലവാക്കിയത്. സുരക്ഷ ചൂണ്ടിക്കാട്ടിയാണ് ഇന്നോവ ക്രിസ്റ്റയ്ക്ക് പകരം കിയ കാര്‍ണിവല്‍ വാഹനം തന്നെ മുഖ്യമന്ത്രിക്കായി ഡിജിപി ശുപാര്‍ശ ചെയ്തത്.
Kerala Government Approved Rs 63,871 For Tyre Change Of CM's Escort Vehicle