kannur--cpmm

കണ്ണൂരിൽ എം.വി ജയരാജനെ സ്ഥാനാർഥി ആക്കിയതിലൂടെ സിപിഎം ലക്ഷ്യമിടുന്നത് അട്ടിമറി വിജയം. മണ്ഡലം നിലനിർത്താൻ കെ സുധാകരൻ ഇറങ്ങുമ്പോൾ   ഇടതു വോട്ടുകളിൽ വിള്ളൽ ഉണ്ടാവാതിരിക്കാൻ കൂടിയാണ്  ജയരാജന്റെ സ്ഥാനാർഥിത്വം. CPM കണ്ണൂർ ജില്ല സെക്രട്ടറിയെന്ന നിലയിലുള്ള മികച്ച പ്രവർത്തനവും ജയരാജന്റെ വിജയ സാധ്യതയായി  നേതൃത്വം  പരിഗണിച്ചു. 

2019 ലെ യു ഡി എഫ് ട്രെൻ്റ് പാർട്ടി ഗ്രാമങ്ങളിലടക്കം അലയടിച്ചപ്പോഴാണ് സി പി എം കണ്ണൂരിൽ പൊള്ളൽ അറിഞ്ഞത്. പി കെ ശ്രീമതിയെ 94,559 വോട്ടുകൾക്കാണ് അന്ന് കെ സുധാകരൻ തോൽപിച്ചത്. തൊട്ടു പിന്നാലെ 2021 ൽ  നടന്ന നിയമ സഭ തിരഞ്ഞെടുപ്പിൽ സി പി എം ആ ക്ഷീണം തീർത്തു. 7 നിയമസഭ മണ്ഡലങ്ങളിൽ 5 ഉം എൽ ഡി എഫ് നേടി. ഇരിക്കുരും പേരാവൂരും മാത്രമെ ഇന്ന് കോൺഗ്രസിൻ്റെ കൈയ്യിലുള്ളു.അന്നത്തെ യു ഡി എഫ് ട്രെൻ്റില്ല ഇന്ന് എന്നതും സി പി എം കണക്കുകൂട്ടലുകളുടെ അടിത്തറയാണ്. അതിനാൽ വിജയ പ്രതീക്ഷയും  വാനോളമാണ്.

2 വർഷം ജില്ല സെക്രട്ടറിയെന്ന നിലയിൽ പാർട്ടിയെ ചലിപ്പിച്ച എം വി ജയരാജന് സംഘടന ശക്തി നന്നായി അറിയാം. അതു  തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും പ്രതിഫലിക്കും. 1996 ലും 2001 കണ്ണൂർ എടയ്ക്കാട് നിന്ന് നിയമ സഭയിൽ എത്തിയ ജയരാജന് എങ്ങനെ വോട്ട് ചോദിക്കണമെന്നും അറിയാം മുസ്ലീം ലീഗിന് നിർണായക സ്വാധീനമുള്ള കണ്ണൂർ ലോക് സഭ മണ്ഡലത്തിൽ ന്യൂന പക്ഷ വോട്ടുകൾ ഉറപ്പിക്കുകയും വോട്ട് ചോർച്ച തടയാൻ വഴി  കണ്ടെത്തുകയും ചെയ്താലെ മുൻപ് പറഞ്ഞ അനുകൂല സാഹചര്യങ്ങളിലൂടെ  സി പി എമ്മിന് അട്ടിമറി പ്രതീക്ഷിക്കേണ്ടതുള്ളു.

കെ സുധാകരൻ - എം വി ജയരാജൻ സൂപ്പർ പോരാട്ടം നടന്നാൽ കണ്ണൂരിൽ ആര് വിജയിക്കും. നിലവിൽ പ്രവചനാതീതമാണ് കാര്യങ്ങൾ.കാലങ്ങളായി വാക്കുകൾ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും  കൊണ്ടും കൊടുത്തും മുന്നേറുന്ന രണ്ടു പേർ സ്ഥാനാർത്ഥികളാവുന്ന കൗതുകവുമുണ്ട് ഇത്തവണത്തെ  തിരഞ്ഞെടുപ്പിന്. 

Kannur loksabha election 2024