തിരുവനന്തപുരം കാര്യവട്ടം ക്യാംപസില്‍ കണ്ട അസ്ഥികൂടം ടെക്നോപാർക്കിൽ ജോലി ചെയ്ത തലശേരി സ്വദേശിയുടേതെന്ന് നിഗമനം. 2017 മുതൽ യുവാവിനേക്കുറിച്ച് വിവരമൊന്നും ഇല്ലെന്ന് മാതാപിതാക്കൾ അറിയിച്ചു. ആത്മഹത്യാ സാധ്യത കേന്ദ്രീകരിച്ചും അന്വേഷണം. 

ക്യാപസിനുള്ളിലെ കാടുപിടിച്ച സ്ഥലത്ത് ഉപയോഗിക്കാതെ കിടക്കുന്ന വാട്ടർടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ടാങ്കിനുള്ളിൽ നിന്ന് ലഭിച്ച ഡ്രൈവിംഗ് ലൈസൻസിലെ മേൽവിലാസമാണ് അസ്ഥികൂടം ആരുടേതെന്ന് സൂചനയിലേക്ക് നയിച്ചത്. തലശ്ശേരി സ്വദേശിയായ 39 കാരൻറെതാണ് ഡ്രൈവിംഗ് ലൈസൻസ്. ഈ മേൽവിലാസത്തിൽ അന്വേഷിച്ചപ്പോൾ യുവാവിന്റെ മാതാപിതാക്കൾ വർഷങ്ങളായി ചെന്നൈയിലാണ് താമസം. എം.സി.എ ബിരുദധാരിയായ യുവാവ് 2008 ൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോയതാണ്. ഇതിനെ തുടർന്ന് മാതാപിതാക്കൾ ചെന്നൈയിലെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പിന്നീട് കൊച്ചി ഇൻഫോപാർക്കിലും തിരുവനന്തപുരം ടെക്നോപാർക്കിലും ജോലി ചെയ്തതായി വിവരം ലഭിച്ചിരുന്നു. പക്ഷെ 2017 ന് ശേഷം യുവാവിനെ കുറിച്ച് ഒരു വിവരവുമില്ല എന്നാണ് മാതാപിതാക്കൾ അറിയിച്ചിരിക്കുന്നത്.ടെക്നോപാർക്കും മൃതദേഹം കണ്ടെത്തിയ കാര്യവട്ടം ക്യാമ്പസും തമ്മിൽ അധികം ദൂരമില്ലാത്തതിനാൽ അസ്ഥികൂടം ഈ യുവാവിന്റെ തന്നെയാകുമെന്നാണ് പോലീസ് സംശയിക്കുന്നത്.

വിശദവിവരങ്ങൾ ചോദിച്ചറിയാനായി നാളെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ യുവാവിന്റെ പിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിതാവിൻറെ രക്ത സാമ്പിൾ ഉപയോഗിച്ചുള്ള ഡിഎൻഎ പരിശോധനയിലൂടെ അസ്ഥികൂടം യുവാവിന്റെതുതന്നെയാണോ എന്ന് സ്ഥിരീകരിക്കാനാകും. കാണാതായ യുവാവിന് കഴക്കൂട്ടത്ത് ഒരു ബാങ്കിൽ അക്കൗണ്ട് ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ അക്കൗണ്ടിലെ സാമ്പത്തിക ഇടപാടുകൾ എന്നു വരെയുണ്ടെന്ന് പരിശോധിച്ചാൽ യുവാവിനെ കാണാതായ സമയം സംബന്ധിച്ച് വിവരം ലഭിക്കുമെന്നും പോലീസ് കരുതുന്നു. കാണാതായത് തലശ്ശേരി സ്വദേശി ആണോ എന്ന് ഉറപ്പിച്ച ശേഷം മരണകാരണം കേന്ദ്രീകരിച്ച് അന്വേഷിക്കാനും ആണ് പൊലീസിന്റെ തീരുമാനം.

 skeleton found in the Kariyavattam campus belongs to a native of Thalassery