തിരഞ്ഞെടുപ്പുകളിൽ വമ്പന്മാരെ വീഴ്ത്തുന്നവർക്ക് മാധ്യമങ്ങൾ ചാർത്തുന്ന പേരാണ് ജയന്റ് കില്ലർ. കേരളത്തിൽ അങ്ങനെ ഒരുപിടി ജയന്റ് കില്ലർമാരുണ്ടെങ്കിലും ആ പേര് ആദ്യം ചാർത്തിക്കിട്ടിയത് വി.പി.നായർക്കാണ്. ഒന്നല്ല, രണ്ടുവട്ടമാണ് വി.പി.നായർ ജയന്റ് കില്ലറായത്.
1951. ഇന്ത്യ ആദ്യമായി പോളിങ് ബൂത്തിലെത്തിയ വർഷം. കളത്തിലിറങ്ങിയവർ എല്ലാം പ്രമുഖർ. ചിറയിൻകീഴിൽ കോൺഗ്രസിനായി ഇറങ്ങിയത് തിരുക്കൊച്ചി മുൻ മുഖ്യമന്ത്രി പറവൂർ ടി.കെ.നാരായണപിള്ള. സ്ഥാനാർഥിയെ തപ്പിനടന്ന കമ്മ്യൂണിസ്റ്റ് പാർട്ടി സദസ്യതിലകൻ ടി.കെ.വേലുപിള്ളയുടെ മകൻ വി.പി.നായരെ കണ്ടെത്തി. പാവപ്പെട്ടവർക്ക് സൌജന്യ നിയമസഹായം നൽകിവന്ന യുവ അഭിഭാഷകൻ. ഫലം കേരളക്കരയെ ഞെട്ടിച്ചു. പറവൂർ ടി.കെയെ വി.പി.നായർ മലർത്തിയടിച്ചു. ഏഴ് പതിറ്റാണ്ടിന് മുൻപ് പിതാവ് തിളങ്ങിയ കാലം മകൻ വിശ്വനാഥൻ നായർ ഓർക്കുന്നത് ഇങ്ങനെ.
1957ലെ തിരഞ്ഞെടുപ്പിൽ ഒരിക്കൽ കൂടി വി.പി.നായർ ഞെട്ടിച്ചു. കൊല്ലത്ത് സിറ്റിങ് എം.പിയായിരുന്ന എൻ.ശ്രീകണ്ഠൻ നായർ എന്ന അതികായനെ 1.70 വോട്ടിന് മലർത്തിയടിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയ വി.പി.നായർ വലിയൊരു ദൌത്യം നിർവഹിച്ചു. തിരുവിതാംകൂർ സ്റ്റേറ്റ് മാനുവൽ പരിഭാഷപ്പെടുത്തി സാംസ്കാരിക വകുപ്പിനെ ഏൽപ്പിച്ചു. അത് ഇന്നും കാണാമറയത്ത്.