ആന ഉപദ്രവങ്ങളുടെ വാര്‍ത്തകളുടെ കാലത്ത്  കാണേണ്ട കാഴ്ചയാണ് കോന്നി ആനക്കൂട്ടിലെ ചില ആന ശില്‍പങ്ങള്‍. ഡല്‍ഹിയിലെ പ്രദര്‍ശനത്തില്‍ നിന്നെത്തിച്ച ഓരോ ശില്പത്തിനും ഓരോന്നു പറയാനുണ്ട്. ആനകളുടെ ആവാസ മേഖല കൈയ്യേറിയതിനെ സൂചിപ്പിക്കുന്നതു മുതല്‍  ആനയുടെ ഇരുമ്പു ശില്പം വരെയുണ്ട് ഇവിടെ. 

 

വാഹനങ്ങളുടെ ഉപയോഗ ശൂന്യമായ ഭാഗങ്ങള്‍ കൊണ്ട് ചെയ്തെടുത്തതാണ് കവാടത്തിലെ ആന. നാടോടിക്കഥകളിലെ പറക്കുന്ന ആന.  എന്‍റെ ചിറകുകള്‍ തിരികെത്തരൂ എന്നു പറയുന്ന ആനശില്‍പം. വിവിധ ജിവികള്‍ ശരീരത്തില്‍ ഇടം പിടിച്ച ഇരുമ്പാന. ആര്‍ട്ട് ഗാലറിയുടെ കവാടത്തില്‍ ചിത്രപ്പണികളോട് കൂടിയ ബബ്ളു ആന. അകത്തു കടന്നാല്‍ ആദ്യം ഒഡിഷയുടെ സാംസ്കാരികമായ ചിത്രപ്പണികളോടു കൂടിയ കലിംഗ. പശ്ചിമ ബംഗാളിന്‍റെ ചിത്രപ്പണിയോടു കൂടിയ സ്ത്രീ ശക്തിയുടെ പ്രതീകമായ വിനായകി എന്ന പിടിയാന ശില്പം.  മനുഷ്യന്‍റെ ആര്‍ത്തിയെ സൂചിപ്പിക്കുന്ന വയ്ക്കോലില്‍ തീര്‍ത്ത മൈ റിമെയ്ന്‍സ്. ജനപ്പെരുപ്പം കൂടുമ്പോള്‍ മൃഗങ്ങളുടെ ആവാസ വ്യവസ്ഥ ചുരുങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന മരച്ചീളുകള്‍ കൊണ്ട് തീര്‍ത്ത അര്‍ബന്‍ എലിഫന്‍റ്. മലര്‍ന്നു കിടക്കുന്ന ജീവനറ്റ ആനയുടെ നെഞ്ചില്‍ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങള്‍. ഞങ്ങളുടെ ഇടം കയ്യേറി, ഞങ്ങളെ ഇല്ലാതാക്കി എന്നു പറയുന്ന വൈറ്റ് എലിഫന്‍റ്. ഇങ്ങനെ പതിനാല് ആന ശില്‍പമാണ് ഡല്‍ഹിയില്‍ നിന്നെത്തിച്ചത്. 

 

ഗാലറിയില്‍ ഡല്‍ഹിയില്‍ നിന്നെത്തിച്ചതുമാത്രമല്ല ഒട്ടേറെ കൗതുകകരമായ മറ്റ് ചെറു ആനശില്‍പങ്ങളുമുണ്ട്. അവധിക്കാലമാകുന്നതോടെ കോന്നി എക്കോടൂറിസം കേന്ദ്രത്തില്‍ കാഴ്ചക്കാരേറും.