ശബരിമല പൂങ്കാവനത്തില്‍പ്പെട്ട അട്ടത്തോട് തേവര്‍ മല വനത്തില്‍ കാട്ടുതീ. മീനമാസ പൂജകള്‍ക്കായി നടതുറക്കാനിരിക്കെ തീര്‍ഥാടനപാതയില്‍ വെന്തമരങ്ങള്‍ ഒടിഞ്ഞുവീണു. ഉള്‍ക്കാട്ടിലേക്ക് പടര്‍ന്ന തീ കെടുത്താനും മാര്‍ഗമില്ല.

 

നിലയ്ക്കലിനും അട്ടത്തോടിനും ഇടയിലാണ് നാല് ദിവസം മുന്‍പ് തീ പടര്‍ന്നത്. വെള്ളിയാഴ്ച മഴയില്‍ തീ അണഞ്ഞെന്ന് കരുതിയെങ്കിലും വീണ്ടും പുകഞ്ഞുകത്തി. വന്‍മരങ്ങള്‍ക്കടക്കം തീപിടിച്ചു. വെന്തമരങ്ങളാണ് റോഡിലേക്ക് വീണത്. കാട്ടുമൃഗങ്ങളേയും തീബാധിച്ചു. കിഴക്കന്‍ മേഖലയിലേക്കാണ് തീപടര്‍ന്നു പിടിക്കുന്നത്. തീ കാരണം വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുമോ എന്നും ആശങ്കയുണ്ട്. പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കടക്കം ഉള്‍വനത്തിലെ തീയണയ്ക്കാന്‍ കഴിഞ്ഞില്ല.

 

ഫയര്‍ഫോഴ്സിനും എത്തിച്ചേരാന്‍ കഴിയാത്ത മേഖലയാണ്. പച്ചിലകൊണ്ട് തല്ലിക്കെടുത്താനേ കഴിയൂ. പുതിയതായി എത്തിച്ച ബ്ലോവര്‍ എന്ന ഉപകരണം കൊണ്ട് കരിയിലകള്‍ വകഞ്ഞുമാറ്റി തീപടരാതിരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കനത്ത മഴപെയ്താലേ കാട്ടുതീയെ പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയൂ എന്ന സാഹചര്യമാണ്.