riyas-rahul

മന്ത്രി മുഹമ്മദ് റിയാസിനെ, കുത്തിത്തിരിപ്പി’ന്റെ കാര്യത്തിൽ ‘കേരളത്തിന്റെ മുത്തയ്യ മുരളീധരനെ’ന്നു വിശേഷിപ്പിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഫെയ്സ്ബുക്കിലൂടെയായിരുന്നു രാഹുലിന്‍റെ വിമര്‍ശനം. കേരളത്തിലെ ജനങ്ങൾക്കൊപ്പം നിന്ന് എൽഡിഎഫ് സർക്കാരിന്റെ നിലപാട് പാർലമെന്റിൽ പറഞ്ഞതിനാണോ ടി.എൻ. പ്രതാപനു കോൺഗ്രസ് സീറ്റ് നിഷേധിച്ചതെന്നു റിയാസ് മുന്‍പ് ചോദിച്ചിരുന്നു. റിയാസിന്‍റെ പോസ്റ്റു പങ്കുവച്ച് ഇതിനു മറുപടിയായാണ് രാഹുലിന്‍റെ പ്രതികരണം. 

ടി.എൻ.പ്രതാപനെ കേരളത്തിലെ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് എന്ന വലിയ ഉത്തരവാദിത്തം ഏൽപിച്ചുവെന്നും കേരളത്തിനു വേണ്ടി ഒന്നും ചെയ്യാത്ത ‘ഇൻ ലോ വിജയൻ സാറിനോട്’ ആ സിഎഎ- എൻആർസി പ്രക്ഷോഭത്തിന്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ പറയൂ കേരള മുത്തയ്യേ എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രാഹുലിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം:

ഇത്രയും കുത്തിത്തിരുപ്പ് പറ്റുമെങ്കിൽ താങ്കൾക്ക് മുത്തയ്യ മുരളീധരന്റെ പിൻഗാമിയായി ക്രിക്കറ്റിൽ ഒരു കൈ നോക്കിക്കൂടെ മിനിമം കേരള മുത്തയ്യയാകാം.

അത് പോട്ടെ കേരളത്തിനു വേണ്ടി ശബ്ദിച്ചു എന്ന്  കുത്തിത്തിരുപ്പ് സ്പെഷ്യലിസ്റ്റ് 'കേരള മുത്തയ്യ '  പറഞ്ഞ ടിഎന്‍ പ്രതാപനെ കേരളത്തിലെ കോൺഗ്രസ്സ് വർക്കിംഗ് പ്രസിഡന്റ് എന്ന വലിയ ഉത്തരവാദിത്വം ഏല്പ്പിച്ചു.

ഇനി റിയാസ് പോയി കേരളത്തിനു വേണ്ടി ഒന്നും ചെയ്യാത്ത 'ഇൻ ലോ വിജയൻ സാറിനോട്' ആ സിഎഎ- എൻആർസി പ്രക്ഷോഭത്തിന്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ പറയു കേരള മുത്തയ്യെ….

 ടി.എൻ. പ്രതാപന് അഭിനന്ദനങ്ങള്‍

 

റിയാസിന്‍റെ കുറിപ്പ്:

കേരളത്തിന് അർഹതപ്പെട്ട പണം ലഭിക്കേണ്ടതിനെ കുറിച്ച് ഒരു കോൺഗ്രസ് എംപിയും പാർലമെന്റിൽ മിണ്ടിയില്ല. ഒരുമിച്ചു നിൽക്കേണ്ട സന്ദർഭത്തിൽ അവർ സങ്കുചിത രാഷ്ട്രീയ നിലപാട് സ്വീകരിച്ചു. എന്തെങ്കിലും മിണ്ടിയതു പ്രതാപൻ മാത്രമാണ്. അദ്ദേഹത്തിന് ഇപ്പോൾ സീറ്റുമില്ല. കേരളത്തിന് അർഹമായ പണം ലഭിക്കേണ്ടതിനെ കുറിച്ച് എൽഡിഎഫ് ഇവിടെ ക്യാംപെയ്ൻ ശക്തമാക്കിയ ഘട്ടത്തിലാണു പ്രതാപൻ ഇക്കാര്യം പാർലമെന്റിൽ ഉയർത്തിയത്.