കട്ടപ്പന ഇരട്ടക്കൊലപാതകത്തിൽ മുഖ്യപ്രതി നിതിഷിനെ വീണ്ടും കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസമാണ് കസ്റ്റഡി കാലാവധി. കേസിൽ രണ്ടാം പ്രതിയായ വിഷ്ണുവിനെ നാളെ കസ്റ്റഡിയിലെടുക്കും. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചു

 

ഇരട്ടക്കൊലപാതക കേസിലെ മുഖ്യ പ്രതി നിതീഷ് പല തവണ മൊഴി മാറ്റിയത് പൊലീസിന് തലവേദനയായിരുന്നു. നിതീഷ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്. മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട നിതീഷിനെയും കൂട്ടുപ്രതി വിഷ്ണുവിനെയും ഒരുമിച്ചു ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

 

നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും പരമാവധി കണ്ടെത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. കേസിലെ രണ്ടാം പ്രതി വിഷ്ണു മോഷണക്കേസിൽ പീരുമേട് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. വിഷ്ണുവിനെ കസ്റ്റഡിയിൽ വാങ്ങി കൊലപാതക കേസിൽ നാളെ അറസ്റ്റ് രേഖപ്പെടുത്തും.

 

കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും നവജാത ശിശുവിന്റെ മൃതദേഹം മറവു ചെയ്‌തെന്ന് പ്രതി നിതീഷ് മൊഴി നൽകിയ, തൊഴുത്ത് കുഴിച്ച് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. അതിനു പിന്നാലെ മുഖ്യപ്രതി നിതീഷ് മൊഴി മാറ്റിയതായും പറയപ്പെടുന്നു. തൊഴുത്തിൽ മറവു ചെയ്തിരുന്ന മൃതദേഹം പുറത്തെടുത്ത് നശിപ്പിച്ചെന്ന് മൊഴിമാറ്റിയെന്നാണ് സൂചന. ആ മൃതദേഹം ആരുടേത്? കണ്ടെത്താന്‍ 4 ദിവസത്തോളം നീളുന്ന പോസ്റ്റുമോർട്ടം നടപടികൾ

 

കൊല്ലപ്പെട്ട വിജയൻ നവജാത ശിശുവിന്റെ മൃതദേഹം നശിപ്പിച്ചെന്ന രീതിയിൽ മൊഴി മാറ്റി തെളിവ് കണ്ടെത്തുന്നതിന് തടയിട്ട് രക്ഷപ്പെടാനുള്ള നീക്കമാണോ നിതീഷ് നടത്തുന്നതെന്നും സംശയിക്കപ്പെടുന്നുണ്ട്.  മറ്റു പ്രതികളായ നിതീഷിന്റെയും വിഷ്ണുവിന്റെയും സാന്നിധ്യത്തിലല്ല ഈ കൃത്യം നടന്നതെങ്കിൽ പ്രധാന തെളിവായ മൃതദേഹാവശിഷ്ടം ലഭിക്കുക അസാധ്യമായേക്കും.