ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രനെ പാളയത്തിലെത്തിക്കാനുള്ള ബിജെപി നീക്കം പാളി. എൽ.ഡി.എഫ് ദേവികുളം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷനിൽ രാജേന്ദ്രൻ പങ്കെടുത്തു. സി.പി.എം അംഗത്വം പുതുക്കുമെന്നും ജോയ്സ് ജോർജിനായി പ്രചാരണത്തിനിറങ്ങുമെന്നും രാജേന്ദ്രൻ
ദേവികുളം എം.എൽ.എ എ.രാജയെ 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയതോടെയാണ് പാർട്ടി അംഗത്വത്തിൽ നിന്ന് എസ്.രാജേന്ദ്രനെ പുറത്താക്കിയത്. ഒരു വർഷം പിന്നിട്ടിട്ടും നടപടി പിൻവലിക്കാതിരുന്നതോടെ ബിജെപി നേതാക്കൾ രാജേന്ദ്രനെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമം നടത്തി. ഇനി സിപിഎമ്മിലെക്കില്ലെന്ന് രാജേന്ദ്രൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് സിപിഎം ജില്ലാ നേതൃത്വം ഇന്നലെ രാജേന്ദ്രനെ നേരിൽ കണ്ട് ചർച്ച നടത്തിയത്.
പാർട്ടി ജില്ല സെക്രട്ടറിയേറ്റ് അംഗത്വം രാജേന്ദ്രൻ ആവശ്യപ്പെട്ടെന്നാണ് സൂചന. കൺവൻഷൻ വേദിയിലെത്തിയെങ്കിലും രാജേന്ദ്രൻ ഇതുവരെ പാർട്ടി അംഗത്വം പുതുക്കിയിട്ടില്ല. രാജേന്ദ്രനുമായി ചർച്ചകൾ അവസാനിച്ചിട്ടില്ലെന്നാണ് ബിജെപി നൽകുന്ന സൂചന