പാലക്കാട് നെല്ലിയാമ്പതിയിലെ ജനവാസമേഖലയില്‍ വീണ്ടുമിറങ്ങിയ ചില്ലിക്കൊമ്പനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് വനംവകുപ്പ്. കൊമ്പന് മദപ്പാടുള്ളതിനാല്‍ ലയങ്ങള്‍ക്ക് സമീപം എത്താതിരിക്കാനുള്ള ശ്രമങ്ങളാണ് ആര്‍ആര്‍ടി തുടങ്ങിയിട്ടുള്ളത്. കഴിഞ്ഞദിവസം വീണ്ടും തേയിലത്തോട്ടത്തില്‍ ഇറങ്ങിയ കൊമ്പന്‍ ഏറെ നേരം കഴിഞ്ഞാണ് മടങ്ങിയത്.
വനാതിര്‍ത്തി കടന്നാല്‍ ലയങ്ങള്‍ക്ക് സമീപം പതിവായി പ്രത്യക്ഷപ്പെടുന്ന ചില്ലിക്കൊമ്പന്‍ രണ്ട് മാസത്തിലേറെയായി ഉള്‍വനത്തിലായിരുന്നു. വാല്‍പാറ, പൊള്ളാച്ചി വനമേഖലയിലൂടെ സഞ്ചരിച്ച് വേനല്‍ക്കാലത്ത് നെല്ലിയാമ്പതിയിലെത്തുന്ന പതിവിന് ഇത്തവണയും മാറ്റമില്ല. ആദ്യദിനം ലയങ്ങള്‍ക്ക് പിന്നിലെത്തി ചെറിയ തോതില്‍ പരാക്രമം നടത്തിയെങ്കിലും നാട്ടുകാരും വനംവകുപ്പും ബഹളം കൂട്ടിയതോടെ ഉള്‍വനത്തിലേക്ക് മാറി. ഇതിനിടയില്‍ പുലര്‍ച്ചെ തേയിലത്തോട്ടത്തില്‍ കിടന്ന് ക്ഷീണം മാറ്റുകയും ചെയ്തു. ചില്ലിക്കൊമ്പന്‍ മര്യാദക്കാരനാണെങ്കിലും മറ്റിടങ്ങളിലെ കാട്ടാന ആക്രമണ വാര്‍ത്തകള്‍ നെല്ലിയാമ്പതിക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. കൊമ്പന് പുറമെ പുലിയും കാട്ടുപോത്തും പന്നിയും കൂടുതലായി കാട് വിട്ടിറങ്ങിത്തുടങ്ങി.
ചില്ലിക്കൊമ്പന്‍ പ്രശ്നക്കാരനായ ആനയല്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. കൊമ്പന്റെ വരവും പോക്കും കൃത്യമായി നിരീക്ഷിക്കാന്‍ പ്രത്യേക ആര്‍ആര്‍ടി സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ജാഗ്രതയോടെ യാത്ര ചെയ്യണം. വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ വെള്ളവും ചക്കയും മാങ്ങയും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ തേടിയുള്ള വരവാണെന്നും പ്രകോപനം പാടില്ലെന്നും മുന്നറിയിപ്പ്.
Forest department appointed a special team\ to monitor the chilli kompan