സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ടിപ്പറില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച അനന്തു വിഴിഞ്ഞം ടിപ്പറുകളുടെ ആദ്യത്തെ ഇരയല്ല. ജീവച്ഛവമായി കഴിയുന്ന ഒട്ടേറെ ഇരകള്‍ രാജ്യാന്തരതുറമുഖമെന്ന സ്വപ്നപദ്ധതിയുടെ പരിസരങ്ങളിലുണ്ട്. അതിലൊരാളാണ് നാല് വയസുകാരന്‍ കുഞ്ഞുമൊത്ത് സ്കൂട്ടറില്‍ പോകുമ്പോള്‍ ടിപ്പര്‍ ഇടിച്ച് തെറിപ്പിച്ച സന്ധ്യാറാണി. കല്ലുവെട്ടാന്‍കുഴി സ്വദേശിയായ അധ്യാപിക സന്ധ്യാറാണിക്ക് കാല്‍ നഷ്ടമായി. അപകടത്തില്‍പെട്ട ശേഷം സര്‍ക്കാരോ തുറമുഖ കമ്പനിയോ തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് സന്ധ്യാറാണി മനോരമ ന്യൂസിനോട് പറഞ്ഞു.

 

അനന്തുവിന്റെ മരണശേഷം ഉണ്ടായതുപോലെ ചില പ്രതിഷേധങ്ങള്‍ സന്ധ്യാറാണിയുടെ അപകടശേഷവും നടന്നു. പക്ഷെ ടിപ്പറുകളെ നിയന്ത്രിക്കാന്‍ പോയിട്ട് ഈ കുടുംബത്തെ ഒന്ന് ആശ്വസിപ്പിക്കാന്‍പോലും ആരും തിരിഞ്ഞുനോക്കിയില്ല.

 

ഇനിയും ഉണങ്ങാത്ത മുറിവിന്റെ വേദന കടിച്ചമര്‍ത്തുമ്പോളും സന്ധ്യാറാണി തുറമുഖം വേണ്ടന്ന് പറയുന്നില്ല.  നാട്ടുകാരുടെ സുരക്ഷക്ക് ചെറു വിലയെങ്കിലും കൊടുക്കണമെന്ന് മാത്രമാണ് അഭ്യര്‍ത്ഥന. ടിപ്പര്‍ തകര്‍ത്തത് കാല്‍ മാത്രമല്ല, ഒരു അധ്യാപികയുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍ക്കൂടിയാണ്.