whatsapp-status

അഞ്ചാം ക്ലാസുകാരിയുടെ കളഞ്ഞുപോയ പണം വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ പണം തിരികെക്കിട്ടി. പാലക്കാട് കോട്ടോപ്പാടം വേങ്ങ എ.എല്‍.പി സ്കൂൾ വിദ്യാർഥിനിയായ ദീക്ഷിത സഞ്ചയികയിലൂടെ സ്വരൂപിച്ച അയ്യായിരത്തി ഇരുപത് രൂപയാണ് തിരികെക്കിട്ടിയത്. ഒരു നാടാകെ കൈകോര്‍ത്തപ്പോള്‍ ഒരു രൂപ പോലെ കുറയാതെ പണം കുഞ്ഞുകൈകളില്‍ ഭദ്രമായി തിരികെയെത്തി.

 

കുന്നിമണി പോലെ നിറെയെ പ്രതീക്ഷയുമായി സഞ്ചയിക വഴി കരുതിയ സമ്പാദ്യം. ഒന്നാം ക്ലാസ് മുതല്‍ അ‍ഞ്ചാം ക്ലാസ് വരെ ആഗ്രഹങ്ങള്‍ക്ക് അവധി നല്‍കി ശേഖരിച്ച അയ്യായിരത്തി ഇരുപത് രൂപ. സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ദീക്ഷിതയുടെ മനസ് നിറയെ ബധിരരും മൂകരുമായ അച്ഛനും അമ്മയ്ക്കും പണം കൈമാറുന്നതിനെക്കുറിച്ചുള്ള ചിന്തയായിരുന്നു. എന്നാല്‍ എവിടെയോ പണം നഷ്ടമായി. 

 

അവിടെയാണ് നാടിന്‍റെ കൂട്ടായ്മ കൈ കോര്‍ത്തത്. ഗ്രാമപഞ്ചായത്തംഗം വിഷയം വ്യക്തമാക്കി വേഗം വാട്സ്ആപ്പ് സ്റ്റാറ്റസാക്കി. റോഡില്‍ വീണ പണം നാട്ടിലെ കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ക്ക് കിട്ടിയതാണ് വഴിത്തിരിവായത്. ദീക്ഷിതയുടെ വേദന മനസിലാക്കി വേഗത്തില്‍ കണ്ണീരൊപ്പാന്‍ ഒരു നാടാകെ ഒത്തുചേര്‍ന്നു. പണമല്ലേ പോയാല്‍പ്പിന്നെ കിട്ടില്ലെന്ന പതിവ് വാചകത്തിനപ്പുറം തിരികെ കൊടുക്കാനുള്ള ഇവരുടെ മനസിനാണ് സകലരും നന്ദി പറയുന്നത്.