അടൂരില്‍ ലോറിയിലേക്ക് കാറിടിച്ചു കയറ്റി രണ്ട് പേർ മരിച്ച സംഭവത്തിൽ മകളെ കൊലപ്പെടുത്താൻ വേണ്ടി മനഃപൂർവം അപകടം​ സൃഷ്ടിച്ചതാണെന്ന് സംശയമുള്ളതിനാൽ സമഗ്ര അന്വേഷണം നടത്തണമെന്ന് മരിച്ച അധ്യാപിക അനൂജയുടെ പിതാവ്. ഇക്കാര്യം ആശ്യപ്പെട്ട് പിതാവ് രവീന്ദ്രൻ നൂറനാട് പൊലീസിൽ പരാതി നൽകി. ഹാഷിം അനൂജയെ ഭീഷണിപ്പെടുത്തി ബലമായാണ് കുളക്കടയിൽനിന്ന് കാറിൽ കയറ്റിക്കൊണ്ടുപോയത്. അമിത വേഗത്തിൽ ലോറിക്ക് മുന്നിലേക്ക് കാർ ഓടിച്ചുകയറ്റി മകളെ കൊലപ്പെടുത്തുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.

അപകടവുമായി ബന്ധപ്പെട്ട കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത് അടൂർ പൊലീസ് സ്റ്റേഷനിലായതിനാൽ നൂറനാട് സ്റ്റേഷനിലേക്ക് ലഭിച്ച പരാതി അടൂർ പൊലീസിനു കൈമാറി. അനുജയുടെയും സുഹൃത്ത് ഹാഷിമിന്റെയും ഫോൺ കോളുകൾ കൂടാതെ ബാങ്ക് അക്ക‌ൗണ്ട‌ും പൊലീസ് പരിശോധിക്കുന്നുണ്ട്. ‌ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് ബാങ്ക് അക്കൗണ്ട് പരിശോധന.അതേസമയം, ലോറിയിലേക്ക് കാർ മനഃപൂർവം ഇടിച്ചുകയറ്റിയതാണെന്ന മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട് ഹരിയാന സ്വദേശിയായ ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി. ആദ്യം കേസെടുത്തപ്പോള്‍ ഇയാള്‍ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയിരുന്നു.