വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷനേടാന്‍ വാല്‍പാറയിലെ തോട്ടം തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണവുമായി വനംവകുപ്പ്. കഴിഞ്ഞദിവസം കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയുടെ ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇടപെടല്‍. ജില്ലാ കലക്ടറാണ് വിദഗ്ധരുടെ നേതൃത്വത്തിലുള്ള പരിശീലനത്തിന് നിര്‍ദേശിച്ചത്.
തേയിലച്ചെടികള്‍ക്കിടയില്‍ അപകടം പതിയിരിക്കുന്നുവെന്ന് ഓര്‍മ വേണം. ആനയും, പുലിയും, കാട്ടുപോത്തും, കരടിയും അത്രയേറെയുണ്ട് വാല്‍പാറയിലെ ജനവാസമേഖലയോട് ചേര്‍ന്നുള്ള തോട്ടങ്ങളില്‍. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും ജോലിയിലേര്‍പ്പെടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്ക് മുന്നില്‍പ്പെട്ടാല്‍ പ്രതിരോധിക്കാനും രക്ഷപ്പെടാനും അറിഞ്ഞിരിക്കണം. ഉള്‍ഭയമുണ്ടെങ്കിലും തൊഴിലാളികള്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കിയ പരിശീലനത്തില്‍ ശ്രദ്ധയോടെ പങ്കെടുത്തു. മറ്റ് വരുമാന മാര്‍ഗമില്ലാത്ത തൊഴിലാളികള്‍ക്ക് ജോലിയും വേണം സുരക്ഷയും നോക്കണം.
കഴിഞ്ഞദിവസമാണ് ജോലിക്കുള്ള യാത്രയ്ക്കിടെ മുരുകാളി എസ്റ്റേറ്റിലെ തൊഴിലാളി കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പിന്നിലൂടെ എത്തിയ കാട്ടുപോത്ത് അരുണിനെ കുത്തിവീഴ്ത്തുകയായിരുന്നു. മാനാമ്പള്ളി റേഞ്ച് ഓഫിസര്‍ മണികണ്ഠന്റെ നേതൃത്വത്തില്‍ കോയമ്പത്തൂരില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് തോട്ടം തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കിയത്. വനംവകുപ്പിന്റെ നിരീക്ഷണത്തിനൊപ്പം ബോധവല്‍ക്കരണം കൂടിയാവുമ്പോള്‍ സുരക്ഷാ കരുതല്‍ കൂട്ടാനാവുമെന്നാണ് വിലയിരുത്തല്‍. ആനമല കടുവാ സങ്കേതം ഫീല്‍ഡ് ഡയറക്ടര്‍ രാമസുബ്രഹ്മണ്യം, ഡെപ്യൂട്ടി ഡയറക്ടര്‍ ഭാര്‍ഗവ തേജ എന്നിവരുടെ സാന്നിധ്യത്തില്‍ അരുണിന്റെ കുടുംബത്തിന് ആദ്യഘട്ട ധനസഹായം കൈമാറി.
Awareness against Wild Animal attacks.