കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിച്ച കെ.എം മാണി ഓർമ്മയായിട്ട് അഞ്ചുവർഷം.. 2019 ഏപ്രില്‍ 9ന് കെഎം മാണിയുടെ വിയോഗത്തോടെ അവസാനമായത് കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത ഒരു യുഗത്തിനായിരുന്നു. കെഎം മാണിയുടെ കല്ലറയിലും തിരുനക്കര മൈതാനത്തുമായി വിപുല പരിപാടികൾ ഒരുക്കുകയാണ് കേരള കോൺഗ്രസ് (എം )
കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കെഎം മാണിയോളം സ്വാധീനമുള്ള മറ്റൊരു നേതാവ് ഉണ്ടായിട്ടില്ല... ഇനി ഉണ്ടാവുകയുമില്ലെന്നാണ് കേരള കോൺഗ്രസുകാരുടെ ഇപ്പോഴത്തെയും എപ്പോഴത്തെയും മനസ്. ഇതുപോലൊരു തിരഞ്ഞെടുപ്പ് കാലത്താണ് കെഎം മാണി പാലായോടും കേരള രാഷ്ട്രീയത്തോടും വിട പറഞ്ഞത്. തൊട്ടു പിന്നാലെ വന്ന തിരഞ്ഞെടുപ്പിൽ കെഎം മാണിയാണ് എന്റെ ചിഹ്നം എന്നുപറഞ്ഞ് മത്സരിച്ച തോമസ് ചാഴിക്കാടനെ ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് കോട്ടയം ചേർത്തുപിടിച്ചു...വളരുംതോറും പിളരുമെന്ന കെഎം മാണിയുടെ വാക്കുകളെ അന്വർദ്ധമാക്കി യുഡിഎഫ് വിട്ട കേരള കോൺഗ്രസ് എൽഡിഎഫിലേക്ക് പോയി. 54 വർഷം ചേർത്ത് നിർത്തിയ പാലാ കേരള കോൺഗ്രസ് എമ്മിന് അന്യമായി.തിരഞ്ഞെടുപ്പ് കാലത്ത് പൊട്ടിത്തെറികൾ പതിവായ കേരള കോൺഗ്രസുകളിൽ പിന്നീടൊന്നും കെഎം മാണിയുടെ കാലത്തേത് പോലെ ഒരു മേശയ്ക്ക് ചുറ്റുമോ അടച്ചിട്ട മുറിയിലോ തർക്കങ്ങൾ അവസാനിച്ചില്ല... എങ്കിലും ഇടതുപക്ഷത്ത് കരുത്തരായി തുടരാൻ കെഎം മാണിയുടെ കേരള കോൺഗ്രസിന് ഇപ്പോഴും കഴിയുന്നു..അടുത്തൊരു തിരഞ്ഞെടുപ്പിനെ കേരള കോൺഗ്രസ് എം നേരിടുമ്പോഴും പോസ്റ്ററുകളിലും പ്രസംഗങ്ങളിലും ഓർമ്മകളായി കെഎം മാണി ഇപ്പോഴും ഉണ്ട്.
KM Mani death anniversary special story