mallu-dictionry

TAGS

സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് രംഗത്തു വന്‍ നേട്ടമായി രണ്ടു വ്യക്തികളുടെ സ്വകാര്യ നിഘണ്ടു സമ്പാദ്യം ഓണ്‍ലൈനിലേക്ക്. തലശേരി തിരുവങ്ങാട് സ്വദേശി ഞാറ്റ്യേല ശ്രീധരന്റെ ദ്രാവിഡ ഭാഷാ നിഘണ്ടുവും മുംബൈയില്‍ സ്ഥിരതാമസക്കാരനായ ആലപ്പുഴക്കാരന്‍ ഇ.കെ കുറുപ്പിന്റെ ഇംഗ്ലീഷ്– മലയാളം പര്യായ പദ നിഘണ്ടുവുമാണ് ലോകത്തെ മുഴുവന്‍ ആളുകള്‍ക്കും ഇനി മുതല്‍ സൗജന്യമായി ലഭിക്കുക.

 

ബാലസംഘത്തിലായിരുന്നപ്പോള്‍ മുതിര്‍ന്നവരെ അക്ഷരം പഠിപ്പിച്ചു തുടങ്ങിയതാണു തലശേരിക്കാരന്‍ ഞാറ്റ്യേല ശ്രീധരനു വാക്കുകളോടും അക്ഷരങ്ങളോടുമുള്ള പ്രണയം. സ്കൂള്‍ പഠനം നാലാം ക്ലാസില്‍ വിരാമിട്ട ശ്രീധരേട്ടന്‍ പിന്നീട് പൊതുമരാമത്ത് വകുപ്പില്‍ ബ്ലൂ പ്രിന്ററായി. കന്നഡയും തമിഴും തെലുങ്കും മലയാളിക്കന്യരല്ലെന്നു മാത്രമല്ല ഭാഷാകൈരളിയുടെ സഹോദരങ്ങളാണന്ന തിരിച്ചറിവിലാണു ദ്രാവിഡ ചതുര്‍ഭാഷ നിഘണ്ടു പിറവിയിലേക്കു നയിച്ചത്. കയ്യിയെഴുത്ത് പ്രതി അതേപടി െബംഗളുരുവിലെ ഇന്‍ഡിക് ആര്‍ക്കൈവ് ഫൗണ്ടേഷനാണു ഡിജിറ്റലൈസ് ചെയ്യുന്നത്.

 

സമം ഡോട്ട് നെറ്റ് എന്ന വെബ് അഡ്രസില്‍ ഇനി ആര്‍ക്കും ചതുര്‍ഭാഷാ നിഘണ്ടു ഉപയോഗിക്കാം.കെ.പി.അപ്പന്‍ അടക്കമുള്ള ഗുരുക്കന്‍മരാണു ഇ.കെ കുറുപ്പിന്റെ മനസില്‍ അക്ഷരങ്ങളോടും വാക്കുകളോടും മുഹബത്ത് നിറച്ചത്. എല്‍.ആന്‍.ടിയില്‍ ജോലി ചെയ്യുമ്പോള്‍ എഴുത്തുകുത്തുകള്‍ക്കായി വാക്കുകള്‍ പരതിതുടങ്ങിയ കുറുപ്പ് ഇതുവരെ ശേഖരിച്ചത് പത്തുലക്ഷത്തിലേറെ വാക്കുകളടങ്ങിയ ഇംഗ്ലീഷ് മലയാളം പര്യായ പദ നിഘണ്ടുവാണ്. ഓളം ഓണ്‍ലൈന്‍ നിഘണ്ടുവിന്റെ ഭഗമാണ് കുറുപ്പിന്റെ ഈ സ്വകാര്യ അധ്വാനം ഇനി.

 

മലയാള മിഷനാണു സമത്തിന്റെ പ്രൂഫ് റീഡിങ് നടത്തുന്നത്. നാലു ഭാഷകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരുവര്‍ഷം സമയമെടുത്താണ് ഞാറ്റ്യേല ശ്രീധരന്റെ നിഘണ്ടു ശുദ്ധീകരിക്കുക.ഇത്രയും വിപുലമായ സ്വകാര്യ നിഘണ്ടു ശേഖരങ്ങള്‍ പൊതുജനങ്ങള്‍ക്കായി വിട്ടുകൊടുക്കുന്നതും അപൂര്‍മാണ്.