Manorama-News-VMR-Pre-poll-Survey

മനോരമ ന്യൂസ്–വി.എം.ആര്‍ പ്രീ പോള്‍ സര്‍വേ ആദ്യഫലങ്ങള്‍ യു.ഡി.എഫിന് അനുകൂലം.  തിരുവനന്തപുരം, കൊല്ലം, വയനാട്, കാസര്‍കോട് മണ്ഡലങ്ങളില്‍ യു.ഡി.എഫ് വ്യക്തമായ ആധിപത്യം നേടി. ശക്തമായ മല്‍സരം നടക്കുന്ന തൃശൂരില്‍ യു.ഡി.എഫിന് മുന്‍തൂക്കമുണ്ടെങ്കിലും ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്. കണ്ണൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ഫലം പ്രവചനാതീതമെന്നും സര്‍വേ പറയുന്നു.

 

2019നെക്കാള്‍ തരൂരിന് വോട്ട് കുറയുമെങ്കിലും ഭൂരിപക്ഷം വര്‍ധിക്കുമെന്നാണ് സര്‍വേഫലത്തിലെ സൂചന. യുഡിഎഫിന് ഒരു ശതമാനവും എന്‍ഡിഎക്ക് ഒന്നര ശതമാനവും വോട്ട് കുറയുമ്പോള്‍ എല്‍ഡിഎഫിന് മൂന്നുശതമാനത്തോളം വോട്ട് കൂടും. കാസര്‍കോട്ട് ഉണ്ണിത്താന്‍ വീണ്ടും ഞെട്ടിക്കും. ഭൂരിപക്ഷം 10 ശതമാനമായി ഉയരും. ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന തൃശൂരില്‍ യു.ഡി.എഫിന് ആറുശതമാനത്തിന്‍റെ മുന്‍തൂക്കമുണ്ട്. എന്നാല്‍ സുനില്‍കുമാറും സുരേഷ്ഗോപിയും കടുത്തപോരാട്ടം കാഴ്ചവയ്ക്കുമ്പോള്‍ പൂരത്തിലെ കുടമാറ്റംപോലെ അത്ഭുതങ്ങള്‍ സംഭവിക്കാം.

 

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് അല്‍പം വോട്ട് കുറയുമെങ്കിലും വന്‍ ഭൂരിപക്ഷംതന്നെയാണ് പ്രവചിക്കുന്നത്– 37.6%.  കെ.സുരേന്ദ്രനിലൂടെ എന്‍ഡിഎ നാല് ശതമാനം വോട്ട് കൂട്ടും. ഭൂരിപക്ഷം കുറയുമെങ്കിലും കൊല്ലം എന്‍.കെ.പ്രേമചന്ദനൊപ്പം തന്നെയാണെന്നും സര്‍വെ പറയുന്നു. കണ്ണൂരിനെപ്പോലെ ആറ്റിങ്ങലിന്‍റെ മനസ്സും പിടിതരുന്നില്ല.

അടൂര്‍ പ്രകാശും വി.ജോയിയും 35 ശതമാനം വോട്ടുകളുമായി ഒപ്പത്തിനൊപ്പം. എന്‍.ഡി.എ വോട്ടുവിഹിതം വര്‍ധിപ്പിച്ച്  വി.മുരളീധരന്‍ മൂന്നാംസ്ഥാനത്താണ്.

 

 

Manorama News-VMR Pre-poll Survey Predict UDF Get Edge