വിഷുക്കണിയൊരുക്കാൻ കണിവെളളരിയും കണിമത്തനും തയാർ. ആലപ്പുഴ കഞ്ഞിക്കുഴിയില്‍ വിഷു വിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത വെളളരിയുടെയും മത്തന്‍റെയും പച്ചക്കറികളുടെയും വിളവെടുപ്പ് പുരോഗമിക്കുന്നു. വിഷു അടുത്തതോടെ വെളളരിക്കും മത്തനുമെല്ലാം മുൻവർഷത്തെക്കാൾ വില കൂടുതൽ കിട്ടുന്നുണ്ടെന്ന് കർഷകർ.
മലയാളിക്ക് കണികണ്ടുണരാൻ സ്വർണവര്‍ണമാർന്ന വെളളരി നിർബന്ധം. ആലപ്പുഴ കഞ്ഞിക്കുഴിയിലും സമീപ പഞ്ചായത്തുകളിലും വിഷു വിപണി ലക്ഷ്യമിട്ട് വിളയിച്ച വെളളരിയും മത്തനും എല്ലാം വിളവെടുക്കുന്ന സമയമാണിത്. പച്ചക്കറി കൃഷിയിടങ്ങളിൽ കണിവെള്ളരിയും മത്തനും പച്ചക്കറികളും നിറഞ്ഞു കിടക്കുകയാണ്. കഞ്ഞിക്കുഴിയിലെയും പരിസര പഞ്ചായത്തുകളിലെയും കർഷകരുടെ കൂട്ടായ്മയുടെ വിപണിയും തുറന്നിട്ടുണ്ട്.
വിഷു വന്നെത്തിയതോടെ വെളളരിക്കും മത്തനും എല്ലാം നല്ല വില ലഭിക്കുന്നുണ്ട്. കണിവെള്ളരി കിലോഗ്രാമിന് 30 രൂപ രൂപ വരെ കിട്ടുന്നു. മത്തന് 35 രൂപയ്ക്ക് മുകളിലുണ്ട് വില ഇത്തവണ വിഷു വിപണി മുൻവർഷത്തെക്കാൾ മെച്ചമാണെന്ന് കർഷകർ.
കഞ്ഞിക്കുഴിയിലെ കർഷക കൂട്ടായ്മ ഇത്തവണ വിഷുക്കണിക്കിറ്റും പുറത്തിറക്കി. കൊന്നപ്പൂവും വെറ്റിലയും അടയ്ക്കയും തൂശൻ ഇലയും ഉൾപ്പെടെ 12 ഇനങ്ങൾ അടങ്ങിയതാണ് വിഷുക്കണിക്കിറ്റ്.