ഈദ് - വിഷു റിലീസായെത്തിയ മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്ന പിവിആർ തിയറ്റർ ശൃംഖലയുടെ നിലപാടിനെതിരെ സിനിമ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ രംഗത്ത്. വെർച്വൽ പ്രിന്‍റ് ഫീയെ ചൊല്ലിയുള്ള തർക്കത്തിൽ മലയാള സിനിമകളുടെ ബുക്കിങ് പിവിആർ ബഹിഷ്ക്കരിച്ചതോടെയാണ് പ്രതിഷേധം. നിർമാതാക്കൾക്ക് ഉണ്ടാകുന്ന നഷ്ടത്തിന് പരിഹാരം കണ്ടാൽ മാത്രമേ പിവിആറുമായി സഹകരിക്കൂവെന്നാണ് ഇരുസംഘടനകളുടെയും നിലപാട്.
തിയറ്ററിൽ സിനിമയുടെ കണ്ടന്‍റ് നൽകുന്നതിന് നിർമാതാവിനും വിതരണക്കാരനും ചെലവാകുന്ന തുകയായ വെർച്വൽ പ്രിന്‍റ് ഫീയെ ചൊല്ലിയുള്ള തർക്കമാണ് മലയാള സിനിമ പ്രദർശിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പിവിആറിനെ എത്തിച്ചത്. തിയറ്ററുകളിലേക്ക് കണ്ടന്‍റ് എത്തിക്കുന്ന ക്യൂബ് അടക്കമുള്ള കമ്പനികൾ വലിയ വെർച്വൽ പ്രിന്‍റ് ഫീ ഈടാക്കുന്നതിനാൽ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻകൈയെടുത്ത് പിഡിസി എന്ന പേരിൽ കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് തുടങ്ങിയിരുന്നു. ഇതോടെ കുറഞ്ഞ ചെലവിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സൗകര്യം ഒരുക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും പിവിആർ ഇതിനോട് സഹകരിച്ചില്ലെന്നാണ് ആരോപണം. കൊച്ചി ഫോറം മാളിൽ പിവിആർ തുടങ്ങിയ ഒൻപത് പുതിയ സ്ക്രീനുകളിലും കുറഞ്ഞ വെർച്വൽ പ്രിന്‍റ് ഫീയിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കാൻ നിർമാതാക്കളുടെ കണ്ടന്റ് മാസ്റ്ററിങ് വഴിയൊരുക്കുമെങ്കിലും ഇതിന് വഴങ്ങാതെ പിവിആർ പുതിയ സിനിമകളുടെ ബുക്കിങ് അടക്കം ബഹിഷ്കരിച്ചുവെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആരോപിച്ചു.
അതിനിടെ മലയാളം ഒഴികെയുള്ള സിനിമകൾക്ക് പിവിആറിൽ ബുക്കിങ് സ്വീകരിക്കുന്നുണ്ട്. മലയാള സിനിമ നിർമാതാക്കളും വിതരണക്കാരുമായുള്ള പ്രശ്നത്തിൽ പി.വി.ആർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടുമില്ല.