കേരള സ്റ്റോറി പ്രദര്‍ശനത്തില്‍ നിന്ന് താമരശേരി രൂപത പിന്‍മാറിയേക്കും. തിരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് കെസിവൈഎമ്മിന് രൂപത നേതൃത്വം നിര്‍ദേശം നല്‍കി. വൈകിട്ട് ആറരയ്ക്ക് നടക്കുന്ന എക്സിക്യൂട്ടീവ് യോഗത്തിലാകും അന്തിമ തീരുമാനം.
മതപരിവര്‍ത്തന നീക്കത്തിനെതിരെ ബോധവല്‍ക്കരണം നടത്തുകയാണ് ലക്ഷ്യമെന്ന് പറഞ്ഞുകൊണ്ടാണ് ദ് കേരള സ്റ്റോറി എന്ന് സിനിമ എല്ലാ ഇടവകകളിലും പ്രദര്‍ശിപ്പിക്കാന്‍ താമരശേരി രൂപത തീരുമാനിച്ചത്. ബോധവല്‍ക്കരണം അനിവാര്യമാണെന്ന നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് വിവാദം വേണ്ട എന്നാണ് രൂപത നേതൃത്വം യുവജന വിഭാഗമായ കെസിവൈഎമ്മിന് നല്‍കിയ നിര്‍ദേശം. ഇതോടെയാണ് സിനിമാപ്രദര്‌ശനത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ആലോചിക്കുന്നത്. തീരുമാനം തല്‍ക്കാലം മരവിപ്പിച്ച് തിരഞ്ഞെടുപ്പിന് ശേഷം തുടര്‍നടപടികളിലേയ്ക്ക് കടക്കാനാണ് സാധ്യത. സീറോ മലബാര്‍ സഭയുടെ കീഴിലുള്ള ഇടുക്കി രൂപത സിനിമ പ്രദര്‍ശിപ്പിച്ചതോടെയാണ് സമാനപാത പിന്തുടരാന്‍ താമരശേരി രൂപതയും തീരുമാനിച്ചത്. കെസിവൈഎമ്മിന്‍റെ തീരുമാനത്തെ എതിര്‍ത്ത തലശേരി രൂപത സിനിമാ പ്രദര്‍ശനത്തില്‍ നിന്ന് നേരത്തെ പിന്‍വാങ്ങിയിരുന്നു. സഭകളുടെ നീക്കത്തെ എതിര്‍ത്ത സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കേരളവിരുദ്ധമായ സിനിമയാണ് കേരളസ്റ്റോറിയെന്ന് തുറന്നടിച്ചിരുന്നു.
Thamarassery diocese kcym decided not to screen the kerala story