kochi-scooter-accident-chippy
  • കൊച്ചി അപകടം പൊലീസ് വീഴ്ച: കുടുംബം
  • ‘റോഡില്‍ കയര്‍ കെട്ടിയത് തിരിച്ചറിയാനാകാത്ത വിധം’
  • ജനങ്ങളുടെ സുരക്ഷയും നോക്കണം: സഹോദരി

കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ കയറില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച കേസില്‍ പൊലീസിനെതിരെ ആഞ്ഞടിച്ച് കുടുംബം. തീരെ നേര്‍ത്ത കയറാണ് റോഡിന് കുറുകെ കെട്ടിയിരുന്നത്. ഇരുട്ടില്‍ തിരിച്ചറിയാന്‍ റിബണോ കാര്‍ഡ്ബോര്‍ഡോ എന്തെങ്കിലും അതില്‍ കൊളുത്തിയിട്ടിരുന്നെങ്കില്‍ മനോജ് ജീവനോടെയുണ്ടാകുമായിരുന്നുവെന്ന് സഹോദരി ചിപ്പി മനോരമന്യൂസിനോട് പറഞ്ഞു. അപകടസ്ഥലത്ത് തെരുവുവിളക്കും കത്തിയിരുന്നില്ല. വലിപ്പമുള്ള വടമായിരുന്നെങ്കില്‍ ഇത്രയും ആഘാതം സംഭവിക്കില്ലായിരുന്നു. അപകടമുണ്ടായശേഷം നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോഴാണ് കയറില്‍ റിബണ്‍ കെട്ടിയത്. അല്‍പനേരം കഴിഞ്ഞ് അപകടമുണ്ടാക്കിയ കയറും പൊലീസുകാര്‍ അഴിച്ചുകൊണ്ടുപോയി.

kochi-scooter-accident-spot

കൊച്ചിയില്‍ പൊലീസ് കെട്ടിയ കയര്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ച സ്ഥലം

കയര്‍ കുരുങ്ങി മനോജിന്റെ കഴുത്തിലും നെഞ്ചിലും ഒടിവും ആന്തരാവയവങ്ങള്‍ക്ക് വീക്കവും സംഭവിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ചിപ്പി പറഞ്ഞു. ‘ശരീരത്തിന്റെ മറ്റുഭാഗങ്ങളിലൊന്നും ഒടിവോ ചതവോ ഇല്ല. എല്ലാ പരുക്കും കഴുത്തിലും നെഞ്ചിലുമാണ്. ശ്വാസകോശത്തിന്റെ പല ഭാഗങ്ങളും വീര്‍ത്തു. സര്‍ജറി ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരുപാട് വേദന സഹിച്ചാണ് എന്റെ കുട്ടി പോയത്’. ശസ്ത്രക്രിയ നടത്തിയെന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ കാണാനില്ലെന്നും സഹോദരി പറഞ്ഞു.

kochi-scooter-accident-family

കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി പൊലീസ് റോഡിന് കുറുകെ കെട്ടിയ കയറില്‍ കുരുങ്ങി മരിച്ച മനോജിന്‍റെ കുടുംബം ആശുപത്രിയില്‍

അച്ഛനും അമ്മയുമാണ് ആദ്യം കണ്ടത്. ആ സമയത്ത് മനോജിന്റെ മൂക്കില്‍ പഞ്ഞി വച്ചിരുന്നുവെന്നും അതിന് മുന്‍പുതന്നെ മരണം സംഭവിച്ചിരിക്കാമെന്നുമാണ് കുടുംബത്തിന്റെ സംശയം. മനോജിന് ഡ്രൈവിങ് ലൈസന്‍സ് ഇല്ലായിരുന്നുവെന്ന് ചിപ്പി സമ്മതിച്ചു. എന്നാല്‍ അതുകൊണ്ട് അപകടം വരുത്തിവച്ച സാഹചര്യം ഇല്ലാതാവില്ല. ‘പൊലീസുകാരുടെ പിഴവുകൊണ്ട് കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായത്. രാത്രി രണ്ടുമണിവരെ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടി ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഇല്ലാതായെന്ന് കേള്‍ക്കുന്നതിന്റെ ആഘാതം പറ‍​ഞ്ഞറിയിക്കാനാവില്ല’. പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും മാത്രം മതിയോ സുരക്ഷയെന്നും ഇനിയെങ്കിലും ജനങ്ങളുടെ കാര്യം കൂടി ചിന്തിക്കണമെന്നും ചിപ്പി വിങ്ങലോടെ പറഞ്ഞു.

Kochi scooter accident: Victim's family lashes out against police apathy.