cmrl-case

സിഎംആര്‍എല്‍ എക്സാലോജിക് ദുരൂഹയിടപാടില്‍ തുടര്‍ച്ചയായ നാലാം ദിവസവും സിഎംആര്‍എല്‍ പ്രതിനിധികളുടെ ചോദ്യം ചെയ്യല്‍ തുടര്‍ന്ന് ഇഡി. ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ പി. സുരേഷ്കുമാര്‍, കാഷ്യര്‍ കെ.എം. വാസുദേവന്‍ എന്നിവരെയാണ് ഇന്ന് ചോദ്യം ചെയ്യുന്നത്. ഇന്നലെ ആലുവയിലെ വീട്ടിലെത്തി എംഡി ശശിധരന്‍ കര്‍ത്തയെ പതിനൊന്ന് മണിക്കൂറിലേറെയാണ് ഇഡി ചോദ്യം ചെയ്തത്.  

 

അന്വേഷണത്തെ തടയാന്‍ സിഎംആര്‍എല്‍ പരിശ്രമിക്കുന്നതിനിടെയാണ് ഇഡി നടപടികളുടെ വേഗം കൂട്ടിയത്. കോടതിയുടെ ഇടപെടലുണ്ടാകും മുന്‍പെ എംഡിയില്‍ നിന്നും ജീവനക്കാരില്‍ നിന്നും പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇഡി ലക്ഷ്യം. രണ്ട് തവണ നോട്ടിസ് നല്‍കിയിട്ടും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി എംഡി ശശിധരന്‍ കര്‍ത്ത ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇതോടെയാണ് കര്‍ത്തയെ വീട്ടിലെത്തി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി പതിനൊന്ന് മണിയോടെയാണ് അവസാനിച്ചത്. 

 

സിഎംആര്‍എല്‍ കമ്പനി രാഷ്ട്രീയ നേതാക്കളുമായും മറ്റ് സ്ഥാപനങ്ങളുമായി നടത്തിയ സാമ്പത്തികയിടപാടുകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. മുഖ്യമന്ത്രിയുടെ മകളും എക്സാലോജിക്കുമായുണ്ടാക്കിയ കരാറിന്‍റെ വിശദാംശങ്ങളും സാമ്പത്തികയിടപാടുകളുടെ വിവരങ്ങളും ഇഡി തേടി. ഇവരില്‍ നിന്ന് ഒരു സേവനം ലഭിച്ചിട്ടില്ലെന്നും എന്നാല്‍ മാസാമാസം കരാര്‍ പ്രകാരമുള്ള തുക കൈമാറിയിരുന്നുവെന്നും കര്‍ത്ത ആദായനികുതിവകുപ്പിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇഡി സംഘത്തിന് വ്യക്തമായ മറുപടി കര്‍ത്ത നല്‍കിയില്ല. രേഖകള്‍ നല്‍കാനും വിസമ്മതിച്ചതോടെയാണ് ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്യാനുള്ള ഇഡി തീരുമാനം. എക്സാലോജിക്കുമായുണ്ടാക്കിയ കരാറില്‍ ഒപ്പിട്ട കര്‍ത്തയുടെ കമ്പനി മാനേജര്‍ പി. സുരേഷ്കുമാറിനെ വീണ്ടും ചോദ്യം ചെയ്യുകയാണ്.  രാഷ്ട്രീയ നേതാകള്‍ക്കും മാധ്യമ സ്ഥാപനങ്ങളും ക്ഷേത്രങ്ങള്‍ക്കുമടക്കം 95 കോടിയിലേറെ രൂപയാണ് 2013 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ സിഎംആര്‍എല്‍ നല്‍കിയിട്ടുള്ളത്. ഈ ഇടപാടുകളെ കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ഇഡി ചോദ്യംചെയ്യാന്‍ വിളിപ്പിച്ച ജീവനക്കാര്‍.