pk-firoz

 

പോളിങ് കഴിഞ്ഞതിന് പിന്നാലെ, വടകരയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന അപകടചര്‍ച്ചകളില്‍ നിലപാട് വ്യക്തമാക്കി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. സി.പി.എമ്മിന്റെ യഥാർത്ഥ മുഖം തിരിച്ചറിയാൻ അവസരം നൽകുന്നതാണ് വടകര തിരഞ്ഞെടുപ്പെന്ന് ഫിറോസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.  വ്യാജ വിഡിയോ പൊളിഞ്ഞതിന് ശേഷം ഷാഫി പറമ്പിലിന്റെ മതത്തെ ഉയർത്തിക്കാട്ടിയാണ് സി.പി.എം വ്യാപക പ്രചരണം നടത്തിയതെന്ന് കുറിപ്പില്‍ പറയുന്നു. 

 

ഇടത് സ്ഥാനാർത്ഥി തന്നെ ഈ പ്രചരണം ഏറ്റെടുത്തു എന്നത് അത്ഭുതപ്പെടുത്തി. എതിരാളിയെ ഏത് വിധേനയും നശിപ്പിക്കുക എന്ന  മനോഘടനയാണ് ഇതിന് പിന്നില്‍. സംഘ്പരിവാർ ആശയത്തെ ഇത്രയും കാലം പ്രതിരോധിച്ച വടകര ആ മനോഗതിയുള്ളവരെയും  അതിജീവിക്കുമെന്നും പി.കെ.ഫിറോസ് പോസ്റ്റിലൂടെ പറഞ്ഞു.

 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

 

ടീച്ചറേ... നിങ്ങളും

സി.പി.എമ്മിന്റെ യഥാർത്ഥ മുഖമെന്താണെന്ന് ഇനിയും മനസ്സിലാകാത്തവർക്ക് തിരിച്ചറിയാൻ അവസരം നൽകുന്നതാണ് വടകര തിരഞ്ഞെടുപ്പ്. വ്യാജ വീഡിയോ പൊളിഞ്ഞതിന് ശേഷം ഷാഫി പറമ്പിലിന്റെ മതത്തെ ഉയർത്തിക്കാട്ടിയാണ് സി.പി.എം വ്യാപക പ്രചരണം നടത്തിയത്. 'കാഫിറിന്' വോട്ട് ചെയ്യരുതെന്ന് യു.ഡി.എഫ് പറഞ്ഞുവെന്ന വ്യാജ സ്ക്രീൻ ഷോട്ടും അതിനായി നിർമ്മിച്ചു.

എഴുപത് ശതമാനത്തോളം മുസ്‌ലിംകളല്ലാത്തവർ താമസിക്കുന്ന ഒരു മണ്ഡലത്തിൽ ഇങ്ങിനെയൊരു പ്രചരണം ഏറ്റെടുക്കുന്നതിലെ സി.പി.എം താൽപര്യം അരിയാഹാരം കഴിക്കുന്ന ആർക്കും ബോധ്യമാവും. യു.ഡി.എഫിന് അധികാരം കിട്ടിയാൽ കുഞ്ഞാലിക്കുട്ടി, കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണിയാണ് കേരളം ഭരിക്കുക എന്ന പ്രചരണം നടത്തിയ മനോനിലയിൽ നിന്ന് ഒരിഞ്ച് മാറ്റവും ഉണ്ടായിട്ടില്ല ഈ പാർട്ടിക്ക്. എന്നാൽ സംഘ്പരിവാർ ആശയത്തെ ഇത്രയും കാലം പ്രതിരോധിച്ച വടകര ആ മനോഗതിയുള്ളവരെയും  അതിജീവിക്കും എന്ന കാര്യത്തിൽ ഞങ്ങൾക്കാർക്കും സംശയമില്ല.

 

ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം ഇടത് സ്ഥാനാർത്ഥി തന്നെ ഈ പ്രചരണം ഏറ്റെടുത്തു എന്നതാണ്. പൊതുവെ ശൈലജ ടീച്ചറെ കുറിച്ച് പലരും പറയുന്ന ഒരു കാര്യമുണ്ട്. സി.പി.എമ്മാണെങ്കിൽ പോലും അവർ മാന്യയാണെന്ന്. ഏത് ടീച്ചറാണെങ്കിലും ഇവരെയെല്ലാം നയിക്കുന്നത് ഒരേ മനോഘടനയാണ്. എതിരാളിയെ ഏത് വിധേനയും നശിപ്പിക്കുക! അതിന്റെ ഒരറ്റത്ത് പിണറായി വിജയനും മറ്റേ അറ്റത്ത് കൊടി സുനിയുമാണ്.

Firoz against KK Shailaja in Vadakara campaigns