kseb

സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് മന്ത്രിതല യോഗം നാളെ. വൈദ്യുതി നിയന്ത്രണം കൂടിയേതീരുവെന്ന് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് യോഗം. അതേസമയം വിതരണശൃംഖല നവീകരിക്കാനുള്ള ദ്യൂതി പദ്ധതി നിര്‍ത്തിവച്ചത് ട്രാന്‍സ്ഫോര്‍മറുകള്‍ കേടാകാന്‍ കാരണമാകുന്നു.

ഒരുമുന്നറിയിപ്പുമില്ലാതെയാണ് വൈദ്യുതി പോകുന്നത് സംസ്ഥാനവ്യാപകമായി വന്‍പ്രതിഷേധത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് ചാക്രിക ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി സര്‍ക്കാരിനോട് ആവര്‍ത്തിച്ചാവശ്യപ്പെട്ടത്. ഉപഭോഗം കൂടിയ മാര്‍ച്ച് രണ്ടാംവാരം തന്നെ കെ.എസ്.ഇ.ബി ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഈമാസം റോക്കറ്റ് വേഗത്തിലാണ് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നത്. തുടരെ സര്‍വകാല റെക്കോഡുകള്‍ ഭേദിക്കുന്നു.

കഴിഞ്ഞദിവസം രാത്രി പത്തരയ്ക്ക് വൈദ്യുതി ആവശ്യകത 5717 മെഗാവാട്ട് ആയിരുന്നു. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന പ്രദേശങ്ങളില്‍  ഓട്ടോമാറ്റിക് ഡിമാന്റ് മാനേജ്മെന്റ് സിസ്റ്റം പ്രവര്‍ത്തിക്കുകയും ട്രാന്‍സ്ഫോര്‍മറുകള്‍ ഓഫാവുകയും ചെയ്യുന്നു. ഇത് പുനഃസ്ഥാപിക്കാന്‍ സമയമെടുക്കും. അതിനാലാണ് ചാക്രിക ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടത്. 

നാളെചേരുന്ന മന്ത്രിതല യോഗത്തിലും ഇക്കാര്യം ഉന്നയിക്കും. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അനുമതിയോടെയാകും ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തുക. എന്നാല്‍ വൈദ്യുതി ഉപഭോഗം കൂടുന്നതിന് അനുസരിച്ച് വിതരണ ശൃഖല നവീകരിക്കാത്തതാണ് പ്രശ്നത്തിന്റെ അടിസ്ഥാനകാരണമെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി ലൈനുകളുടെയും ട്രാന്‍സ്ഫോര്‍മറുകളുടെയും ശേഷി കൂട്ടുന്നതടക്കമുള്ള നവീകരണത്തിനായി ആവിഷ്കരിച്ച 4000 കോടിരൂപ ചെലവ് വരുന്ന ദ്യുതി പദ്ധതി സാമ്പത്തിക പ്രതിസന്ധികാരണം രണ്ടുവര്‍ഷമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഫലമനുഭവിക്കേണ്ടിവരുന്നത് കൊടുംചൂടില്‍ വലയുന്ന ജനങ്ങളും.

 

KSEB demands load shedding; Seeks permission from Govt.