കൊല്ലം പരവൂർ പൂതക്കുളത്ത് ഭാര്യയേയും മക്കളുടെയും കഴുത്തറുത്ത ശേഷം ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ച വാര്‍ത്ത കേട്ടതിന്റെ നടുക്കത്തിലാണ് നാട്.  ഭാര്യയും മകളും മരിച്ചു. ഗുരുതരമായി പരുക്കേറ്റ മകനും അച്ഛനും ചികിൽസയിലാണ്. 

 

രാവിലെ വീട്ടിലെത്തിയ ബന്ധുവാണ് അടഞ്ഞുകിടക്കുന്ന വീട് കണ്ടത്. ജനൽ പാളിയിലൂടെ നോക്കിയപ്പോൾ പ്രീതയുടേയും എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകൾ ശ്രീനന്ദയുടേയും മൃതദേഹങ്ങള്‍ കിടപ്പുമുറിയിൽ കാണപെട്ടു. പൊലീസും നാട്ടുകാരും എത്തി വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് അച്ഛൻ ശ്രീജുവിനേയും മകൻ ശ്രീരാഗിനേയും അബോധാവസ്ഥയിലും കണ്ടെത്തിയത്. ശ്രീജു ഭാര്യക്കും മക്കൾക്കും വിഷം കൊടുത്ത ശേഷം കത്തിക്കൊണ്ട് കഴുത്തറുത്ത് കൃത്യം നടത്തിയെന്നാണ് നിഗമനം. പിന്നീട് കൈഞരമ്പ് മുറിച്ചാണ് ശ്രീജു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

 

ശ്രീജു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ശ്രീരാഗ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും ചികിൽസയിലാണ്. കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടെന്നും പ്രീതയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമാണ് വിവരം.ബന്ധുക്കളിൽ നിന്ന് വിശദമായ മൊഴിയെടുത്ത് അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു. കൂലിപ്പണിക്കാരനായ ശ്രീജുവിന് വീടിനടുത്ത് തുണിക്കച്ചവടം ഉണ്ടായിരുന്നു. പൂതക്കുളം സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്നു പ്രീത. 

 

 

'എന്നെ മാത്രം ബാക്കിവച്ചതെന്തിനാ?'..;ശ്രീജു എന്തിനിതു ചെയ്തു?..

 

എന്നെ മാത്രം ബാക്കിവച്ചതെന്തിനാ ? കൊല്ലപ്പെട്ട പ്രീതയുടെ പിതാവ് മോഹനൻപിള്ളയുടെ രോദനം, കേട്ടു നിന്നവരുടെ കണ്ണിലേക്കും നനവു പടർത്തി . ‘എന്റെ മകളെയും കൊച്ചുമക്കളെയും കുറിച്ച് മോശമായിട്ട് ആരും ഇന്നു വരെ പറഞ്ഞിട്ടില്ല. നാട്ടുകാർക്ക് എല്ലാവർക്കും അവരെ വലിയ കാര്യമായിരുന്നു’ – മോഹനൻ പിള്ള പറയുന്നു.

 

പ്രീതയുടെ വീടിനോടു ചേർന്നുള്ള മുറിയിലാണ് മോഹനൻ പിള്ള താമസിക്കുന്നത്. രാവിലെ 5 ന് എഴുന്നേറ്റ് കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങും. ഭക്ഷണവുമെല്ലാം പുറത്തു നിന്നാണു കഴിക്കുന്നത്. ഭക്ഷണകാര്യത്തിൽ പോലും മകളുടെ കുടുംബത്തിനു ബാധ്യതയാകാതിരിക്കാൻ പരമാവധി ശ്രമിക്കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ പുലർച്ചെ പുറത്തേക്കിറങ്ങുമ്പോൾ ശ്രീജുവിന്റെയും പ്രീതയുടെയും ശബ്ദം കേട്ടിരുന്നു.

 

പ്രഭാതഭക്ഷണം കഴിഞ്ഞു പണിക്കായി ഇറങ്ങുമ്പോഴാണ് ദുരന്തം വാർത്ത അറിഞ്ഞതും വീട്ടിലേക്ക് എത്തിയതും. മോഹനൻ പിള്ളയ്ക്കു മൂന്നു മക്കളാണ്. ഇളയവളാണ് പ്രീത. രണ്ടാമത്തെ മകൻ 11ാം വയസ്സിൽ മരിച്ചു. 20 വർഷം മുൻപ് ഭാര്യയും മരിച്ചു. പിന്നീടാണ് മകളുടെ വീടിനോടു ചേർന്നുള്ള മുറിയിൽ താമസമായത്. കൊല്ലപ്പെട്ട ശ്രീനന്ദയ്ക്ക് മുത്തച്ഛനോടു ഏറെ സ്നേഹമായിരുന്നു. ശ്രീരാഗിനും അങ്ങനെ തന്നെ. ഇരുവരും പഠനത്തിലും ഏറെ മിടുക്കരാണെന്നും മോഹനൻ പിള്ള പറഞ്ഞു.

 

ഉത്തരം കിട്ടാത്ത ചോദ്യങ്ങളേറെ...

 

ശ്രീജു എന്തിനിതു ചെയ്തു ? നാട്ടുകാർക്കും ബന്ധുക്കൾക്കും ഇനിയും ഉത്തരം കിട്ടാത്ത ചോദ്യം. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്ന് അടുത്ത ബന്ധുക്കളിലൊരാൾ പറഞ്ഞു. എന്നാൽ, ഈ ക്രൂരത കാട്ടാൻ തക്ക ബാധ്യതയൊന്നുമില്ല. ശ്രീജുവിന്റെ പേരിൽ പൂതക്കുളം റോഡരികിൽ വസ്തുവും വീടുമുണ്ട്. ആ വീട് വാടകയ്ക്കു നൽകിയിരിക്കുകയാണ്.

 

ബാധ്യത അധികമെങ്കിൽ വസ്തുവും വീടും വിൽക്കാമായിരുന്നല്ലോ – അവർ ചോദിക്കുന്നു. പ്രീതയുടെ ശരീരത്തിലെ മുഴയുടെ ചികിത്സ നടത്തിയിരുന്നു. മുഴയുമായി ബന്ധപ്പെട്ട ബയോപ്സിയുടെ റിസൽറ്റ് അടുത്താണ് എത്തിയത്. അതിൽ കാൻസർ സംശയിക്കുന്നതായാണു പരിശോധന ഫലമെന്നു മറ്റൊരു ബന്ധു പറഞ്ഞു. അതിനെ തുടർന്നുണ്ടായ മാനസിക സമ്മർദവും കൊടുംക്രൂരതയ്ക്ക് ഉത്തരമല്ലല്ലോ ?

 

വളരെ സന്തോഷകരമായി കുടുംബ ജീവിതമാണ് ശ്രീജുവിന്റെയും പ്രീതയുടെയും. പരസ്പരം സംശയമുള്ളതായി ഒരിക്കലും ബന്ധുക്കൾക്കോ, അയൽവാസികൾക്കോ തോന്നിയിട്ടില്ല. പ്രീതയെ കുറിച്ചും ആർക്കും എതിരഭിപ്രായമില്ല.

 

എല്ലാറ്റിനും സാക്ഷി

 

പൂതക്കുളം തെങ്ങിൽ വീടിന്റെ അടുക്കള വാതിലിന്റെ പുറത്തെ പടിയിൽ എല്ലാറ്റിനും സാക്ഷിയായി ഒരു കെട്ടു ചുവന്ന ചീരയുണ്ട്. അയൽവാസിയായ സ്ത്രീ രാവിലെ ഏഴിന് ചീരയുമായി വന്നു അടുക്കള വാതിലിൽ കൊട്ടിയപ്പോൾ വീട്ടിൽ അനക്കമൊന്നും കേട്ടിരുന്നില്ല. തൊട്ടടുത്തായാണ് പ്രീതയുടെ സഹോദരൻ പ്രമോദ് കുടുംബമായി താമസിക്കുന്നത്.

 

പ്രമോദിനെ ഇവരാണ് വിവരം അറിയിച്ചത്. പ്രമോദ് എത്തി അടുക്കളയിലെ ജനലിലൂടെ നോക്കിയപ്പോഴാണ് തറയിലും ഭിത്തിയിലും ചോരയൊഴുകുന്നത് കണ്ടത്. അടുക്കള വാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറി നോക്കുമ്പോഴേക്കും പ്രീതയും മക്കളെയും സ്വീകരണ മുറിയിലും കിടപ്പു മുറിയിലുമായി കണ്ടത്.

 

അകത്തെ മുറിയിലെ ഞരക്കം കേട്ടെത്തിയപ്പോഴാണ് കഴുത്തിൽ മുറിവേറ്റു വീണ ശ്രീരാഗിനെ കണ്ടത്. അകത്തെ മറ്റൊരു മുറിയിൽ ശ്രീജു ഞരമ്പ് മുറിച്ച കൈ വെള്ളത്തിൽ ഇട്ടി നിലിയിലുമായിരുന്നു.അയൽവാസി ചീരയുമായി എത്തിയില്ലെങ്കിൽ ഈ ദുരന്തവാർത്ത ലോകം അറിയാൻ ഏറെ വൈകുമായിരുന്നു.