‘മസ്കറ്റില്‍ ഇന്നെത്തിയില്ലെങ്കില്‍ എന്റെ ജോലി പോകും, എമര്‍ജന്‍സി ലീവിനു വന്നതാണ്, ബോസ് വിളിച്ചോണ്ടിരിക്കാണ്, ഇന്നെത്തിയില്ലെങ്കില്‍ ഇനി വരേണ്ടെന്നാണ് പറയുന്നത്’..എയര്‍ ഇന്ത്യ എക്സ്പ്രസ് മിന്നല്‍ പണിമുടക്കിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയൊരു യാത്രക്കാരന്റെ വേദനയാണിത്. ഇതുപോലെ നൂറുകണക്കിനാളുകളാണ് ബോഡിങ് പാസ് കിട്ടി യാത്ര ചെയ്യാനാവാതെ പ്രതിസന്ധിയിലായത്. പൈലറ്റുമാരാരും സമരത്തിലല്ല, എന്നാല്‍ ജീവനക്കാര്‍ സമരത്തിലാണെന്നാണ് ഇവര്‍ പറയുന്നതെന്നും യാത്രക്കാര്‍ പറയുന്നു.
ഭര്‍ത്താവ് ഐസിയുവിലാണെന്നും ഇന്നലെയാണ് വിവരമറിഞ്ഞതെന്നും ഒരു യുവതി പറയുന്നു. ഇന്നു കാണേണ്ട ആളെ മറ്റൊരു ദിവസം പോയി കണ്ടാല്‍ മതിയോ, ഫ്ലൈറ്റ് കാന്‍സല്‍ ആയാല്‍ ബദല്‍മാര്‍ഗം ചെയ്യണ്ടേ, അക്കൊമൊഡേഷന്‍ തരണ്ടേ, അവര്‍ക്ക് നിയമങ്ങളുണ്ട്, നമ്മളെന്ത് ചെയ്യണമെന്ന ചോദ്യമാണ് യാത്ര മുടങ്ങിയവര്‍ പറയുന്നത്. അവരുടെ സൗകര്യത്തിനാണോ നമ്മള്‍ യാത്ര ചെയ്യേണ്ടത് എന്നും ചോദിക്കുന്നു യാത്രക്കാര്‍. ഉത്തരവാദിത്തത്തോടെ പെരുമാറാത്ത എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്നാണ് കൊച്ചിയിലും കണ്ണൂരിലും നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയത്. ഇതിന് പുറമെ തിരുവനന്തപുരത്ത് നിന്ന് യു.എ.ഇയിലേക്കുള്ള മൂന്നു വിമാനങ്ങളും റദ്ദാക്കി. റദ്ദാക്കിയതിന്‍റെ കാരണം വിമാനത്താവള അധികൃതരെയും അറിയിച്ചിട്ടില്ല. യാത്ര റദ്ദാക്കുന്നത് സംബന്ധിച്ച് ഒരു മുന്നറിയിപ്പും നല്‍കിയില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. അര്‍ധരാത്രിയില്‍ നൂറിലേറെ ആളുകളാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിപ്പോയത്. ഇതേത്തുടര്‍ന്ന് കനത്ത പ്രതിഷേധവും ഉയര്‍ന്നു. കൊച്ചിയില്‍ ഇന്ന് എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഷാര്‍ജ, മസ്കറ്റ്, ദമാം, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവയാണ് റദ്ദാക്കിയത്.
Protest raised against Air India Express due to sudden strike