ബെംഗളൂരു – കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് പാതിവഴിയില്‍ സര്‍വീസ് അവസാനിപ്പിച്ചു.  ബസ് കേടായെന്ന് തെറ്റിദ്ധരിപ്പിച്ച്  ചൊവ്വാഴ്ച രാത്രി താമരശേരിയില്‍ സര്‍വീസ് നിര്‍ത്തിയശേഷം യാത്രക്കാരെ മറ്റൊരു ബസിലാണ് കോഴിക്കോട് എത്തിച്ചത്.  പ്രതിഷേധം ശക്തമായതോടെ ബസ് വൈകിയതുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്ന്  KSRTC സമ്മതിച്ചു. 

ചൊവ്വാഴ്ച രാത്രി ഏഴരയ്ക്ക് കോഴിക്കോട് എത്തേണ്ട ബസ് താമരശ്ശേരിയില്‍ എത്തിയപ്പോള്‍ തന്നെ 8.45. തകരാറുകാരണം സര്‍വ്വീസ് ഇവിടെ നിര്‍ത്തുകയാണെന്നും യാത്രക്കാരെ കോഴിക്കോട് വരെ എത്തിക്കാന്‍ മറ്റൊരു ബസ്  ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കണ്ടക്ടറുടെ അറിയിപ്പ്. ഇതോടെ യാത്രക്കാര്‍ പ്രതിഷേധമായി 

തകരാറാണെന്ന് പറഞ്ഞ ബസില്‍ ബെംഗളൂരുവിലേക്കുള്ള യാത്രക്കാര്‍ കയറിയതോടെയാണ് പാതിവഴിയില്‍ ഇറങ്ങേണ്ടി വന്നവര്‍ക്ക് കാര്യം മനസിലായത്.  ഇതേ ബസ് എട്ടുമണിക്ക് കോഴിക്കോട് നിന്ന് ബെംഗളൂരിവിലേക്ക് പോകണ്ടതായിരുന്നു. സമയം വൈകിയതോടെ താമരശേരിയില്‍ സര്‍വീസ് അവസാനിപ്പിച്ച് ബെംഗളൂരിവിലേക്ക് പോകുന്നു. ഇതില്‍ കയറാനുളളവരെ കോഴിക്കോട് നിന്ന് മറ്റൊരു ബസില്‍ താമരശേരിയില്‍ എത്തിച്ചിട്ടുണ്ട്. ഇതോടെ പ്രതിഷേധത്തിന്റ ശക്തി കൂടി 

ഒന്നര മണിക്കൂര്‍ നീണ്ട പ്രതിഷേധം പൊലീസ് എത്തിയാണ്  അവസാനിപ്പിച്ചത്. താമരശേരി മുതല്‍ കോഴിക്കോട് വരെയുള്ള ടിക്കറ്റ് തുക തിരികെ നല്‍കാമെന്ന് ഉറപ്പിലാണ് യാത്രക്കാര്‍ മടങ്ങിയത്. 

Bengaluru kozhikode ksrtc swift bus stopped service midway