കാസർകോട് കോൺഗ്രസിൽ പൊട്ടിത്തെറി. രാജ്മോഹൻ ഉണ്ണിത്താൻ എംപിയോട് ഇടഞ്ഞു  രാജിക്കൊരുങ്ങി കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. പെരിയാ ഇരട്ട കൊലക്കേസ് പ്രതി മണികണ്ഠിനമായി ഉണ്ണിത്താന് സൗഹൃദമെന്നും ഉദുമയിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചെന്നും ഫേസ്ബുക്കിലൂടെ വിമർശനം. വിവാദമായതോടെ മണിക്കൂറുകൾക്കുള്ളിൽ പോസ്റ്റ് പിൻവലിച്ചു. 

 

 പെരിയ ഇരട്ട കൊലപാതകക്കേസിലെ പ്രതിയുടെ മകന്‍റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതിനു പിന്നാലെ കാസർകോട് കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷം. ചടങ്ങിൽ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുത്തെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ബാലകൃഷ്ണൻ പെരിയയെ ലക്ഷ്യമിട്ട് രാജ്‌മോഹൻ ഉണ്ണിത്താന്റെ ഫേസ്ബുക്ക് പോസ്റ്റുമെത്തി. രക്തസാക്ഷികളുടെ ആത്മാവിനെ വേദനിപ്പിച്ചവർക്ക് മാപ്പില്ലെന്നായിരുന്നു ഉണ്ണിത്താന്റെ വിമർശനം. 

 

രാജ്മോഹൻ ഉണ്ണിത്താനെ രൂക്ഷമായി ഭാഷയിൽ വിമർശിച്ചു കൊണ്ടായിരുന്നു ബാലകൃഷ്ണൻ പെരിയയുടെ മറുപടി. ഉണ്ണിത്താനും പെരിയ കൊലപാതക കേസിലെ പ്രതിയായ സിപിഎം നേതാവ് മണികണ്ഠനും രാത്രിയുടെ മറവിൽ സൗഹൃദം പങ്കിട്ടെന്നും കേസിൽ ഉണ്ണിത്താൻ ആയിരം രൂപ പോലും ചെലവാക്കില്ലെന്നുമാണ് വിമർശനം. മണികണ്ഠനും ഉണ്ണിത്താനും ഒരുമിച്ച് നിൽക്കുന്ന ചിത്രവും ബാലകൃഷ്ണൻ പെരിയ ഫേസ്ബുക്കിൽ പങ്കുവെച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമയിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ബാലകൃഷ്ണൻ പെരിയ. ഈ തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ഉണ്ണിത്താൻ നിരന്തരശ്രമം നടത്തിയെന്നും ആരോപണം.