പെരിയാറിൽ രാസമാലിന്യം കലർന്നതോടെ കൂട് മത്സ്യകൃഷി നടത്തുന്നവർക്ക് നേരിട്ടത് വൻ നഷ്ടം. ലക്ഷങ്ങളുടെ മത്സ്യമാണ് പെരിയാറിൽ ഇന്നലെ രാത്രി മുതൽ ചത്തുപൊങ്ങിയത്. ട്രോളിങ് നിരോധന കാലത്തേക്കായി മത്സ്യകൃഷി നടത്തിയവർക്കാണ് രാസമാലിന്യം വൻ തിരിച്ചടിയായത്. 

ഇത് കോതാട് സ്വദേശി ബിജോയിയുടെ മാത്രം അവസ്ഥയല്ല. പെരിയാറിന്റെ തീരത്ത് വരാപ്പുഴ, കടമക്കുടി, ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളിലായി നൂറുകണക്കിന് ആളുകളാണ് കൂട് മത്സ്യകൃഷി നടത്തുന്നത്. പലരും വായ്പയെടുത്ത് മത്സ്യകൃഷി നടത്തുന്നവർ.  ചീന വലകളിലും ചെറുവള്ളങ്ങളിലുമായി മത്സ്യബന്ധനം നടത്തുന്നവർ വേറെയും.  ഇവരുടെ ജീവിതത്തിലേക്കാണ് കഴിഞ്ഞ ദിവസം രാത്രി പെരിയാറിലൂടെ രാസമാലിന്യം ഒഴുകിയെത്തിയത്. 

പെരിയാറിലേക്ക് ഫാക്ടറികളിൽ നിന്നും രാസമാലിന്യം തുറന്നു വിടുന്നതിനെതിരെ നേരത്തെ പലതവണ പ്രദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട്. തുടർന്ന് കർശന മാർഗനിർദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇതെല്ലാം അട്ടിമറിക്കുകയാണ് എന്നാണ് പ്രദേശവാസികളുടെ ആരോപണം. 

ENGLISH SUMMARY:

Chemical Pollution in Periyar river