TOPICS COVERED

സമസ്തയിലെ ഇടത്- ലീഗ് അനുകൂലികള്‍ തമ്മിലുള്ള ഭിന്നത പരസ്യപോരിലേക്ക്. സമസ്ത നേതൃത്വത്തേയും മുഖപത്രമായ സുപ്രഭാതത്തേയും വിമര്‍ശിച്ച കേന്ദ്ര മുശാവറ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ബഹാവുദിന്‍ നദ്‍വിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. സുപ്രഭാതത്തിന് നയവ്യതിയാനം സംഭവിച്ചെന്നും അതുകൊണ്ടാണ് ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടു നിന്നതെന്നുമായിരുന്നു നദ്‌വിയുടെ പ്രസ്താവന.  

ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റ ഭാഗമായി സുപ്രഭാതത്തില്‍ എല്‍ഡിഎഫിന്‍റെ പരസ്യം വന്നതാണ് ഭിന്നത മറനീക്കാന്‍ കാരണം. പത്രത്തിന്റ എഡിറ്റോറിയല്‍ ബോര്‍ഡ് ഇതിനെ ന്യായീകരിച്ചെങ്കിലും സമസ്തയിലെ ലീഗ് അനുകൂലികളും മുസ്ലീംലീഗ് നേതൃത്വവും കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഇതിന് പിന്നാലെയാണ് കഴിഞ്ഞയാഴ്ച മന്ത്രി മുഹമ്മദ് റിയാസിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സുപ്രഭാതത്തിന്റ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനം. ലീഗ് നേതാക്കള്‍ക്ക് പുറമെ ചടങ്ങില്‍ നിന്ന് വിട്ടുനിന്ന ഡോ. ബഹാവുദീന്‍ നദ്‌വി അതിന്റെ കാരണം വ്യക്തമാക്കിയതാണ് പുതിയ വിവാദം

സമസ്തയിലെ ഒരു വിഭാഗത്തിന്റ ഇടത് അനുകൂല സമീപനത്തേയും നദ്‌വി വിമര്‍ശിക്കുന്നു. വിവാദപ്രസ്താവനയില്‍ 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് സമസ്ത നേതൃത്വത്തിന്റ നിര്‍ദേശം. നോട്ടീസ് നേരിട്ടെത്തി നല്‍കുകയായിരുന്നു. സമസ്തയിലെ ഇടതുചേരിയെ എതിര്‍ക്കുന്നവരില്‍ പ്രധാനിയാണ് നദ്‌വി.