മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രിയും എംഎല്‍എയും പ്രഖ്യാപിച്ച സ്മാര്‍ട്ട് റോഡുകളുടെ പണി മേയ് അവസാനമായിട്ടും എങ്ങുമെത്തിയില്ല. മഴ തുടങ്ങിയതോടെ റോഡുകള്‍ ചെളിക്കുളങ്ങളായി, നടക്കാന്‍ പോലും പറ്റാതായി. വിമര്‍ശനം കനത്തതോടെ ജൂണ്‍ പതിനഞ്ചിനകം പൂര്‍ത്തിയാക്കുമെന്നാണ് പ്രഖ്യാപനം. ജൂണില്‍ തീര്‍ന്നില്ലെങ്കില്‍ പദ്ധതിക്കുള്ള കേന്ദ്രഫണ്ട് നഷ്ടമാകുമെന്ന വെല്ലുവിളിയും കോര്‍പറേഷന് മുന്നിലുണ്ട്.
മാര്‍ച്ച് 31... ഇതായിരുന്നു തിരുവനന്തപുരത്തെ റോഡുകള്‍ സ്മാര്‍ട്ടാക്കുന്നതിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപകിച്ച തിയ്യതി. ഏപ്രിലോടെ തിരുവനന്തപുരം ദുബൈയാകുമെന്നായിരുന്നു തിരുവനന്തപുരത്തെ MLA ആന്‍ണി രാജു പറഞ്ഞത്.
മാര്‍ച്ചും ഏപ്രിലും കഴിഞ്ഞു. മേയ് അവസാനമായി. മഴ തകര്‍ത്ത് പെയ്ത് തുടങ്ങി. സ്മാര്‍ട്ട് റോഡുകള്‍ തോടുകളായി മാറി. ഒറ്റ മഴയില്‍ നഗരം വെള്ളത്തില്‍ മുങ്ങിയതിനൊപ്പം, ചെളിക്കുളമായി മാറിയ സ്മാര്‍ട്ട് റോഡുകള്‍ നഗര വാസികള്‍ക്ക് ഇരട്ടപ്രഹരമായി. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായതോടെയാണ് മന്ത്രി വി. ശിവന്‍ കുട്ടിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് പുതിയ തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്.
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡുകളില്‍ മൂന്നെണ്ണത്തിന്‍റെ പണിയാണ് ഇതുവരെ പൂര്‍ത്തിയായത്. പത്ത് റോഡുകളുടെ പണിയാണ് കൊടും മഴയത്തും തുടരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഈ റോഡുകളുടെ പണികള്‍ പൂര്‍ത്തിയാകേണ്ടിയിരുന്നത്. കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് സമയം നീട്ടിനല്‍കി. ഇത് അടുത്ത മാസം മുപ്പതിന് അവസാനിക്കും. അതിനുള്ളില്‍ പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പദ്ധതിക്കുള്ള ഫണ്ട് തന്നെ നഷ്ടമാകും.