രാജ്യാന്തര ബന്ധങ്ങളുള്ള അവയവ കച്ചവടത്തില്‍ കൂടുതല്‍ മലയാളികള്‍ക്കും പങ്കെന്ന് സൂചന. കൊച്ചി സ്വദേശി മധുവുമായി ചേര്‍ന്നാണ് സാമ്പത്തിക ഇടപാടുകളടക്കം നടത്തിയതെന്ന് പ്രതി സാബിത്ത് നാസര്‍ മൊഴി നല്‍കി. സാബിത്ത് വഴി റാക്കറ്റിലെ മറ്റ് കണ്ണികളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്.
രാജ്യാന്തരവേരുകളുള്ള അവയകടത്ത് മാഫിയ ഇതരസംസ്ഥാനക്കാരുടെ നിയന്ത്രണത്തിലെന്നായിരുന്നു പൊലീസിന്‍റെ നിഗമനം. എന്നാല്‍ സാബിത്തിന്‍റെ മൊഴി മുഖ്യകണ്ണികള്‍ മലയാളികളാണെന്ന സൂചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കൊച്ചി സ്വദേശി മധുവിനെ ഇറാനില്‍വെച്ച് പരിചയപ്പെട്ടുവെന്നാണ് സാബിത്തിന്‍റെ മൊഴി. പന്ത്രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ച സാബിത്തിനെ ഡോക്ടര്‍ കൂടിയായ റൂറല്‍ എസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. സാബിത്തിന്‍റെ ഫോണ്‍ ഉടന്‍ ഫോറന്‍സിക് പരിശോധനയ്കയക്കും.
ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ കൂടി ലഭിക്കുന്നതോടെ സാബിത്തുമായി ഇടപ്പെട്ടവരുടെ നിര്‍ണായക വിവരങ്ങള്‍ കൂടി ശേഖരിക്കാന്‍ പൊലീസിനാകും. പിടിയിലായപ്പോൾ സാബിത്ത് നൽകിയ മൊഴികളുടെ വസ്തുതാന്വേഷണവും പുരോഗമിക്കുകയാണ്. അവയവക്കച്ചവട ശൃംഖലയിലെ മറ്റ് കണ്ണികൾ, ഇരകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയിലെല്ലാം വ്യക്തതവരുത്താനാണ് ശ്രമം. ശൃംഖലയിലെ പ്രധാനി ഹൈദരാബാദുകാരനെന്നാണ് സാബിത്തിൻ്റെ മൊഴി. ഇതിലും വ്യക്തത വരുത്തിയശേഷം അന്വേഷണ സംഘം അവിടേക്ക് പോകും. കേന്ദ്ര ഏജൻസികളുടെ സഹകരണത്തോടെയായിരിക്കും അന്വേഷണം മുന്നോട്ടു കൊണ്ടുപോവുക.