Untitled design - 1

മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമായി പ്രഖ്യാപിച്ച കിരീടം പാലം–വെള്ളായണി ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുമോ...? പലതവണ പ്രഖ്യാപിച്ചിട്ടും ഒരിഞ്ച് മുന്നോട്ട് പോകാത്ത പദ്ധതിയായതിനാലാണ് ഈ സംശയം. ഏഴ് മാസം മുമ്പ് പദ്ധതിക്കായി ഒരു കോടി 22 ലക്ഷം രൂപ വകയിരുത്തി ഉത്തരവിറക്കിയതാണ്. പക്ഷെ നല്ലൊരു റോഡ് പോലും ഇല്ലാതെ വെള്ളായണി–പുഞ്ചക്കരി പാടം അവഗണനയില്‍ തുടരുകയാണ്.  

 

മലയാളി നെഞ്ചിലേറ്റിയ കിരീടം സിനിമയുടെ ലൊക്കേഷന്‍ എന്നതുകൊണ്ട് മാത്രമല്ല, മനസ്സിനെ മയക്കുന്ന പ്രകൃതി ഭംഗി കൊണ്ടുകൂടിയാണ് വെള്ളായണി–പുഞ്ചക്കരി പാടം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. 

പക്ഷെ, ഈ സാധ്യതയെ ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങി.  2600 ഏക്കര്‍ നീണ്ടുകിടക്കുന്നതാണ് കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകമായ വെള്ളായണിക്കായല്‍. കായലാണെന്ന് തിരിച്ചറിയാനാകാത്ത തരത്തില്‍ പായലും, കാടും പടര്‍ന്ന് പന്തലിച്ചിരിക്കുന്നു.

കായലിന്‍റെ മറുകരയിലേക്ക് വാഹനം പോകുന്ന ഒരേയൊരു റോഡിന്‍റെ അവസ്ഥയിതാണ്. കൃഷിയിടങ്ങളിലേക്ക് വെള്ളം കയറാതിരിക്കാന്‍ ബണ്ടിന്‍റെ ഉയരം കൂട്ടുന്നതിനായി അടുത്തുള്ള ഒരുകുളത്തിലെ ചെളി വാരി കൊണ്ടിട്ടിരിക്കുകയാണ്. നടന്ന് പോകാന്‍ പോലും  കഴിയാത്ത രീതിയില്‍ റോഡ് ഉപയോഗശൂന്യം. ഈ പരിതാപകരമായ അവസ്ഥയിലും വെള്ളായണി–പുഞ്ചക്കരി പാടത്തിന്‍റെ ഭംഗി ആസ്വദിക്കാന്‍ നിരവധി പേരാണ് എത്തുന്നത്. മതിയായ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഇവിടേക്ക് ഒഴുകിയെത്തുന്നവരുടെ എണ്ണം ഇതില്‍ നിന്നും ഊഹിക്കാം. ഇത്തവണയെങ്കിലും പ്രഖ്യാപനത്തില്‍ ഒതുങ്ങാതെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികളുണ്ടാകട്ടെ. 

ENGLISH SUMMARY:

Mohanlal gets birthday gift as ‘Kireedam’ bridge declared a tourist spot