TOPICS COVERED

പെരിയാർ മത്സ്യക്കുരുതിയിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ കലക്ടർ ചീഫ് സെക്രട്ടറിയ്ക്ക് സമർപ്പിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയും കുഫോസിന്റയും കണ്ടെത്തലുകളിൽ വിശദമായ പഠനം വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, പെരിയാറിൽ രാസമാലിന്യം കലർന്നതല്ല മത്സ്യക്കുരുതിക്ക് കാരണമെന്ന നിലപാട് ആവർത്തിക്കുകയാണ് മലിനീകരണ നിയന്ത്രണ ബോർഡ്‌. 

മത്സ്യക്കുരുതി നടന്ന് കൃത്യം ഒരാഴ്ച പിന്നിടുമ്പോളാണ് സബ് കളക്ടറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കളക്ടർ, ചീഫ് സെക്രട്ടറിക്കും വിവിധ സർക്കാർ വകുപ്പുകൾക്കും സമർപ്പിച്ചത്. ദൃക്സാക്ഷികളിൽ നിന്നും മത്സ്യ കർഷകരിൽ നിന്നും ശേഖരിച്ച വിവരങ്ങളും മലിനീകരണ നിയന്ത്രണ ബോർഡ്‌, കുഫോസ് അന്വേഷണ റിപ്പോർട്ടുകളും ആണ് റിപ്പോർട്ടിന്റെ അടിസ്ഥാനം. 

വ്യത്യസ്ത കണ്ടെത്തലുകലുള്ള മലിനീകരണ നിയന്ത്രണ ബോർഡ്‌, കുഫോസ് റിപ്പോർട്ടുകളിൽ, വിശദമായ പഠനം വേണ്ടി വരുമെന്ന് സബ് കളക്ടർ നിർദ്ദേശിക്കുന്നു. റിപ്പോർട്ട് അന്തിമമല്ലാത്തതിനാൽ വിവിധ വകുപ്പുകളുടെ കൂടിയാലോചനക്ക് ശേഷം മാത്രമേ നടപടി ഉണ്ടാകൂ. മത്സ്യക്കുരുതിക്ക് കാരണം രാസവസ്തുക്കൾ വെള്ളത്തിൽ കലർന്നതാണെന്ന കുഫോസിന്റെ റിപ്പോർട്ട് കണ്ടിട്ടില്ലെന്ന് വ്യക്തമാക്കിയ മലിനീകരണ നിയന്ത്രണ ബോർഡ്‌, പെരിയാറിൽ രാസമാലിന്യം കലർന്നിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു.  

പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അനാസ്ഥയാണെന്ന് ആരോപിച്ച് ഏലൂർ മുൻസിപ്പാലിറ്റിയിലെ പ്രതിപക്ഷ കൗൺസിലർമാർ ബോര്‍‍ഡ് കേന്ദ്രം ഉപരോധിച്ചു. മത്സ്യക്കുരുതിക്ക് ശേഷം വ്യവസായ മേഖലകളിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ വാദം. നിയമലംഘനം കണ്ടെത്തിയ എ.കെ കെമിക്കൽസ്, അർജുന നാച്ചുറൽസ് എന്നീ കമ്പനികൾക്ക് നോട്ടീസയച്ചു. വ്യവസായ ശാലകളെ നിരീക്ഷിക്കാനുള്ള 9 ക്യാമറകളിൽ പ്രവർത്തിക്കാത്ത മൂന്ന് ക്യാമറകൾ ഉടനെ നന്നാക്കുമെന്നും മലിനീകരണ നിയന്ത്രണ ബോർഡ്‌ ഉറപ്പുനൽകി.

ENGLISH SUMMARY:

Collector Submit First Investigation Report To Chief Secretary On Periyar Fish Death