ശയന പ്രദക്ഷിണവും വാഴ നടീലും കൊണ്ട് റോഡ് ഗതാഗത യോഗ്യമാവുമോ. ഇപ്പ ശരിയാക്കിത്തരാം എന്ന് പലവട്ടം പറഞ്ഞ ഉദ്യോഗസ്ഥർക്ക് മുന്നിൽ നിവേദനം നൽകി മടുത്ത സാഹചര്യത്തിലാണ് ഈ പ്രതിഷേധമുറ. പൈപ്പിടാൻ കുഴിച്ച പാലക്കാട് മലമ്പുഴ ഉദ്യാനത്തിന് മുന്നിലെ റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരെയായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം.
ഒന്നല്ല, നട്ടത് രണ്ട് വാഴ. പൊതുമരാമത്ത് മന്ത്രിയുടെ ചിത്രം പതിപ്പിച്ച വാഴ. റോഡിലെ വാഴ കായ് ഫലം തരില്ലെന്ന് ഇവർക്കറിയാമെങ്കിലും ഏറെ നാളായി അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് അറുതി വരാനാണ് ഈ സമരം. പേരിന് പോലും ടാറില്ലാതെ കുഴിയായ റോഡിൽ ശയന പ്രദക്ഷിണവും കഠിനമാണ്. സഞ്ചാരികൾ ഉൾപ്പെടെ പതിവായി അപകടത്തിൽപ്പെടുന്ന പാതയിൽ ഇതല്ലാതെ മറ്റ് വഴികൾ ഇല്ലെന്ന് സമരക്കാര്‍.
സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മലമ്പുഴ. തമിഴ്നാട്ടുകാർ ഉൾപ്പെടെ നിരവധിപേര്‍ ദിവസേന വന്നുപോകുന്നിടം. കവാടത്തിലേക്കുള്ള യാത്രയില്‍ തന്നെ കുഴിയിൽ വീണ് തളരുമ്പോൾ സഞ്ചാരികൾ മലമ്പുഴയിലേക്കുള്ള വരവ് തന്നെ മറന്നുപോവുമോ എന്നതാണ് നാട്ടുകരുടെ ആശങ്ക. പൈപ്പിടാനെടുത്ത കുഴിയുടെ വ്യാപ്തി കൂടിക്കൂടി വൈകാതെ മൂന്നാം വാർഷികം ആഘോഷിക്കും.