കൊച്ചിയിലെ അവയവക്കച്ചവട മാഫിയയുടെ കെണിയില്‍പെട്ടതിലേറെയും സ്വകാര്യ ആശുപത്രികളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജീവനക്കാര്‍. കടക്കെണിയില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാനാണ് വൃക്ക വില്‍ക്കാന്‍ തയാറായതെന്ന് സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതി മനോരമ ന്യൂസിനോട് തുറന്നു പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് വര്‍ഷം രണ്ട് കഴിഞ്ഞിട്ടും പറഞ്ഞുറപ്പിച്ച പണം നല്‍കാതിരുന്ന ഏജന്‍റ് ജീവനക്കാരിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി.
അവയവകച്ചവട മാഫിയയുടെ ഏജന്‍റുമാര്‍ ഇരകളെ കണ്ടെത്തുന്നത് ആശുപത്രി വരാന്തകളില്‍ നിന്നാണ്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ യുവതി ഇതേ ആശുപത്രിയില്‍ വെച്ചാണ് അവയവ കച്ചവടത്തിന്‍റെ ഏജന്‍റായ കുമ്പളങ്ങി സ്വദേശി ഷാജിയെയും പരിചയപ്പെടുന്നത്. വീട്ടമ്മയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ ഷാജി എട്ട് മുതല്‍ പത്ത് ലക്ഷം രൂപയാണ് വൃക്കയ്ക്ക് വാഗ്ദാനം ചെയ്തത്. 2020 ജൂണില്‍ നഗരത്തിലെ മറ്റൊരു ആശുപത്രിയില്‍ ശസ്ത്രക്രിയ നടന്നു. പന്ത്രണ്ട് ദിവസം നീണ്ട ആശുപത്രിവാസം കഴിഞ്ഞ് മടങ്ങുമ്പോള്‍ യുവതിക്ക് ലഭിച്ചത് മൂന്നരലക്ഷം. ബാക്കി പണം ചോദിച്ചെത്തിയ യുവതിയെ ഷാജി പലതവണ പീഡനത്തിനരയാക്കി.
യുവതിയെ അറിയുന്ന പന്ത്രണ്ട് പേരെകൂടി ഷാജി അവയവകച്ചവടത്തിന് ഇരകളാക്കി. സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരും യുവാക്കളുമാണ് അവയവം വില്‍പന നടത്തിയത്. ഇവരും വഞ്ചിക്കപ്പെട്ടു. ജീവിതം തന്നെ വഴിമുട്ടിയതോടെയാണ് യുവതി ഏജന്‍റിനെതിരെ പനങ്ങാട് പൊലീസില്‍ പരാതി നല്‍കിയത്. മാസം ഒന്ന് പിന്നിട്ടിട്ടും ഏജന്‍റ് ഷാജിയെ പിടികൂടാനായിട്ടില്ല. കേസുമായി മുന്നോട്ടുപോയതോടെ യുവതിക്ക് ജോലി തന്നെ നഷ്ടപ്പെട്ടു.