• ശക്തന്‍ സ്റ്റാന്‍ഡിലും വടക്കേ സ്റ്റാന്‍ഡിലും വെള്ളക്കെട്ട്
  • ശക്തന്‍ മാര്‍ക്കറ്റിലെ കടകളിലും വെള്ളം കയറി,
  • ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടറുടെ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. തൃശൂരിലും ഇടിയോടു കൂടിയ അതി ശക്തമായ മഴ. നഗരത്തിലെ റോഡുകളിൽ വെള്ളക്കെട്ടുണ്ട്. ശങ്കരയ്യ റോഡ്, മുണ്ടൂപാലം, സ്വരാജ് റൗണ്ട് എന്നിവങ്ങളില്‍ വെള്ളംകയറി. ശക്തന്‍ മാര്‍ക്കറ്റിലെ കടകളിലും വെള്ളം കയറി. ശക്തന്‍ സ്റ്റാന്‍ഡിലും വടക്കേ സ്റ്റാന്‍ഡിലും വെള്ളക്കെട്ട്. വരും മണിക്കൂറിൽ മഴ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രണ്ടു മണിക്കൂര്‍ കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്നും, വേണ്ട ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും റവന്യൂമന്ത്രി മനോരമന്യൂസിനോട് പറഞ്ഞു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടറുടെ മുന്നറിയിപ്പ്.

കോഴിക്കോട് കക്കയം കല്ലാനോട് ഇരുപത്തിയെട്ടാം മൈലില്‍ മണ്ണിടിഞ്ഞു. ജനവാസമേഖലയ്ക്കടുത്ത് കൃഷിയിടത്തിലേക്കാണ് മണ്ണിടിഞ്ഞത്. നിരവധി കവുങ്ങുകള്‍ നശിച്ചു. ഇന്നലെ രാത്രിയാണ് അപകടം. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ട് നിലവിലുണ്ട്. 

ഇടുക്കിയില്‍ രാത്രിയില്‍ കനത്ത മഴ പെയ്തു. ഇന്നലെ പൂച്ചപ്രയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടം. രണ്ട് വീടുകള്‍ക്ക് കേടുപാടുണ്ടായി. വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഏക്കര്‍ കണക്കിന് കൃഷി നശിച്ചു. ജലനിരപ്പ് ഉയർന്നതോടെ   മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്തുളളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം  ‌നല്‍കിയിട്ടുണ്ട് .പുളിയന്മല കരിപ്പിലങ്ങാട് സംസ്ഥാനപാതയിൽ ഇടിഞ്ഞുവീണ മണ്ണ് ഭാഗികമായി മാറ്റി.  മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ പാതയിൽ  യാത്ര  നിയന്ത്രണം തുടരുകയാണ്. 

ആലുവയിൽ  കനത്ത മഴ. പുലർച്ചെ രണ്ട് മണിയോടെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് സമീപത്തുള്ള റോഡിലും കടയിലും വെള്ളം കയറി. കമ്പനിപടിയിൽ നിന്ന് തുരപ്പ് ഭാഗത്തേക്ക് പോകുന്ന റോഡും വെള്ളത്തിലാണ്. എന്നാൽ പെരിയാറിലെ ജലനിരപ്പിൽ കാര്യമായ മാറ്റമില്ല.

ENGLISH SUMMARY:

As heavy rains lash the state, Thrissur grapples with flooding on city roads, including Shankaraiah Road, Mundupalam, and Swaraj Round, along with inundated shops in Shaktan market