• താല്‍ക്കാലികമായി വാടകവീട് ‌നല്‍കും
  • ആറുമാസത്തിനകം വീട് നിര്‍മിച്ചുനല്‍കും
  • അടിയന്തരമായി സംരക്ഷണഭിത്തി നിര്‍മിക്കും

അനധികൃത മണ്ണെടുപ്പില്‍ വീട് അപകടത്തിലായ കുടുംബത്തെ പുനധിവസിപ്പിക്കാമെന്ന് സ്ഥലമുടമ. ആറ് മാസത്തിനകം വീട് നിര്‍മിച്ചു നല്‍കാനും ധാരണയായി. അനധികൃതമായി മണ്ണ് കടത്തിയതിലുള്ള നടപടികള്‍ തുടരും. അടൂരിലെ വ്യാപാരിയായ രാജനാണ് അപകടകരമായി മണ്ണെടുത്തത്. തട്ടുതട്ടായി മണ്ണെടുക്കേണ്ടതിന് പകരം അടിവാരം വരെ തുരന്നെടുത്തതാണ് കാഴ്ചയില്ലാത്ത ആളുടെ വീട് അപകടാവസ്ഥയില്‍ ആക്കിയത്. അടൂര്‍ എംഎല്‍എയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാറിന്‍റെ  ഇടപെടലിലാണ് പുനരധിവസിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. സ്ഥലമുടമ തന്നെ തല്‍ക്കാലം വാടക വീട് നല്‍കും. അതിന് ശേഷം സുരക്ഷിതമായ സ്ഥലത്ത് ആറുമാസത്തിനുള്ളില്‍ വീട് നിര്‍മിച്ചു നല്‍കും. അടിയന്തരമായി സംരക്ഷണ ഭിത്തി നിര്‍മിക്കാനും നിര്‍ദേശം നല്‍കി. 

എം.സി.റോഡരുകില്‍ തന്നെയാണ് സ്ഥലമെങ്കിലും മണ്ണെടുപ്പ് പുറത്തുള്ളവര്‍ കാണാന്‍ കഴിയാത്ത രീതിയിലായിരുന്നു പണികള്‍. ഗൃഹനാഥനായ ശീലാസിനും മകനും കാഴ്ചാ പരിമിതിയുണ്ട്. തങ്ങളുടെ സുരക്ഷയ്ക്ക് എന്നു പറ‍ഞ്ഞ് പിന്നില്‍ ഷീറ്റിട്ട് മറച്ചാണ് മണ്ണ് കടത്തിയതെന്ന് വീട്ടുടമ ശീലാസ് പറഞ്ഞു. 

അടിയന്തര നിയമനടപടിക്ക് ജില്ലാ കലക്ടര്‍ ജിയോളജി വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. അനധികൃതമായി മണ്ണ് എടുത്തതിനുള്ള നടപടികളും അന്വേഷണവും തുടരും. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍ഡിഒ ഓഫിസ് ഉപരോധിച്ചതിന് പിന്നാലെയാണ് മണ്ണെടുപ്പിനെതിരെ നടപടി തുടങ്ങിയത്. 

ENGLISH SUMMARY:

Land owner promised to relocate family who were affected by illegal mining. will construct security wall and home for them within six months.