k-k-rema

ചിത്രം : ഫെയ്സ്ബുക്ക്

വടകര ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായ ഇടതു മുന്നണി സ്ഥാനാർഥി കെ.കെ.ശൈലജ ടീച്ചറോടുള്ള സ്നേഹം പങ്കിട്ട്  വൈകാരിക കുറിപ്പുമായി കെ.കെ.രമ.  ശൈലജ ടീച്ചറെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ മുന്നേറ്റത്തിനിടെയാണ് ആര്‍എംപി നേതാവ് കെ.കെ.രമ എംഎല്‍എ ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്.  ചിരി മായാതെ മടങ്ങൂ ടീച്ചർ എന്നു തുടങ്ങുക കുറിപ്പിനൊപ്പം ഇരുവരും ഒന്നിച്ചുളള ചിത്രവും രമ പങ്കുവച്ചു. ശൈലജയോട് 78,000 വോട്ടിന് മുന്നിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍.

കെ.കെ.രമ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:

ചിരി മായാതെ മടങ്ങൂ ടീച്ചർ.. 

മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്... 

ഇവിടുന്ന് മടങ്ങുമ്പോൾ അങ്ങനെയേ 

മടങ്ങാവൂ..

മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്. 

മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേർത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്...

രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം...

വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല,

മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ 

ഇന്നാട് ബാക്കിയുണ്ട്. 

സ്വന്തം, 

കെ.കെ.രമ

ENGLISH SUMMARY:

K K Rema posted a hearttouching note on facebook about K K Shailaja