നീറ്റ് പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചതിലടക്കം വിദ്യാര്‍ഥികളുടെ പരാതികള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ച് ദേശിയ പരീക്ഷാ ഏജന്‍സി. വീണ്ടും പരീക്ഷ നടത്തണമോയെന്ന് സമിതിയുടെ നിര്‍ദേശമനുസരിച്ച് തീരുമാനിക്കും. ക്രമക്കേട് ആരോപണങ്ങള്‍ സി.ബി.ഐ അന്വേഷിക്കണമെന്നും പുനഃപരീക്ഷ നടത്തണമെന്നും ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടു.
ഹരിയാനയിലെ ആറ് കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 1600 വിദ്യാര്‍ഥികള്‍ക്ക് സമയക്കുറവെന്ന പരാതിയെത്തുടര്‍ന്ന് ഗ്രേസ് മാര്‍ക്ക് അനുവദിച്ചിരുന്നു. ഇതില്‍ ആറുപേര്‍ക്ക് ഒന്നാം റാങ്കും ചിലര്‍ക്ക് 718, 719 മാർക്ക് വീതവും ലഭിച്ചതിലാമ് വ്യാപക ആക്ഷേപമുയര്‍ന്നത്. ഗ്രേസ് മാര്‍ക്ക് അനുവദിച്ചതില്‍ അപാകതയുണ്ടോയെന്ന് യു.പി.എസ്.സി മുന്‍ ചെയര്‍മാന്‍ അധ്യക്ഷനായ ഉന്നതാധികാര സമിതി പരിശോധിക്കും.
വിദ്യാര്‍ഥികളുടെ മറ്റു പരാതികളും പരിഗണിക്കുന്ന സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കും. വീണ്ടും പരീക്ഷ നടത്തുന്നതിലും റിപ്പോര്‍ട്ടനുസരിച്ച് തീരുമാനമെടുക്കും. ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും പരീക്ഷ പ്രക്രിയ സുതാര്യമെന്നും എന്‍.ടി.എ ഡയറക്ടര്‍ ജനറല്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ദുരൂഹത നീക്കാന്‍ സി.ബി.ഐ അന്വേഷണം വേണമെന്നും വീണ്ടും പരീക്ഷനടത്തി സുതാര്യവുമായ മൂല്യനിര്‍ണയം ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജൂനിയര്‍ ഡോക്ടേഴ്സ് നെറ്റ്വര്‍ക്ക് എന്‍.ടി.എയ്ക്ക് കത്ത് നല്‍കിയിരുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. ഗ്രേസ് മാർക്ക് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഡൽഹി ഹൈക്കോടതി എൻടിഎയോടെ മറുപടി തേടി. ബുധനാഴ്ച വാദം കേൾക്കും. നീറ്റ് നടത്തിപ്പില്‍ വന്‍അഴിമതിയുണ്ടെന്നും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു.