ഏകീകൃത കുര്‍ബാനയില്‍ സിറോ മലബാര്‍ സഭ കടുത്ത നടപടിയിലേക്ക്. ഏകീകൃത കുര്‍ബന അര്‍പ്പിക്കാന്‍ വിസമ്മതിക്കുന്ന വൈദികര്‍ ജൂലൈ നാലോടെ സഭയ്ക്ക് പുറത്താകുമെന്നാണ് മുന്നറിയിപ്പ്. കുര്‍ബാന അര്‍പ്പണം സംബന്ധിച്ച് വൈദികരും വൈദിക വിദ്യാര്‍ഥികളും ജൂലൈ മൂന്നിനകം സത്യവാങ്മൂലം നല്‍കണം. അല്ലാത്ത വൈദിക വിദ്യാര്‍ഥികള്‍ക്ക് ശെമ്മാശ, വൈദിക പട്ടങ്ങള്‍ നല്‍കില്ല. ബഹിഷ്കൃത വൈദികരുടെ കുര്‍ബാന സഭ അംഗീകരിക്കില്ലെന്നും ഇവര്‍ നടത്തുന്ന വിവാഹങ്ങളും സാധുവല്ലെന്നും മേജര്‍ ആര്‍ച്ച് ബിഷപും എറണാകുളം അങ്കമാലി അഡ്മിനിസ്ട്രേറ്ററും ചേര്‍ന്നിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ജൂണ്‍ 14നാണ് സിനഡ് ചേരുന്നത്. 16ന് പള്ളികളില്‍ ഇത് വായിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
എന്നാല്‍ സര്‍ക്കുലറിലൂടെ പുറത്താക്കാനാവില്ലെന്നാണ് അതിരൂപത സഭാ സുതാര്യസമിതിയുടെ നിലപാട്. ജൂണ്‍ 14ന് നടക്കേണ്ട സിനഡിലെ തീരുമാനങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും എ.എം.ടി ആരോപിച്ചു. ഇന്ന് വൈകിട്ട് യോഗം ചേരുമെന്നും സര്‍ക്കുലര്‍ ഗുരുതര സ്ഥിതിവിശേഷമുണ്ടാക്കുമെന്നും സഭാ സുതാര്യ സമിതി പറഞ്ഞു. എതിര്‍ക്കുന്നവന്‍ ഏത് ഉന്നതനായാലും പുറത്തെന്നായിരുന്നു അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റലപ്പള്ളിയുടെ പ്രതികരണം.