ബാര്‍കോഴ ആരോപണത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍റെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച്. വിവാദ ശബ്ദരേഖ ചോര്‍ന്ന ഇടുക്കിയിലെ ബാര്‍ ഉടമകളുടെ വാട്സപ്പ് ഗ്രൂപ്പില്‍ അര്‍ജുന്‍ അംഗമാണെന്ന് ക്രൈംബ്രാഞ്ച്. എന്നാല്‍ തന്‍റെ നമ്പര്‍ ഗ്രൂപ്പിലില്ലെന്നും അന്വേഷണം വഴിതിരിച്ച് വിടാനാണ് നീക്കമെന്നും അര്‍ജുന്‍ പ്രതികരിച്ചു.
ബാര്‍ കോഴ ആരോപണത്തിന് വഴിവെച്ച ഈ ശബ്ദസന്ദേശം ഇടുക്കിയിലെ ബാര്‍ ഉടമകളുടെ വാട്സപ്പ് ഗ്രൂപ്പിലാണ് ജില്ലാ പ്രസിഡന്‍റ് അനിമോന്‍ അയച്ചത്. ആ ഗ്രൂപ്പില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന്‍ അര്‍ജുന്‍ അംഗമാണെന്നും അതിനാല്‍ പണപ്പിരിവ് നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് മൊഴിയെടുക്കുന്നതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പണപ്പിരിവിന് അപ്പുറം ശബ്ദരേഖ ചോര്‍ന്ന വഴി കണ്ടെത്തുകയെന്ന ലക്ഷ്യവും ക്രൈംബ്രാഞ്ചിനുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരത്തെ ഓഫീസിലെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ രാഷ്ട്രീയനീക്കമെന്ന് തിരിച്ചടിച്ച് അര്‍ജുന്‍ വാട്സപ്പ് ഗ്രൂപ്പില്‍ തന്‍റെ നമ്പരുണ്ടെന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ചു.
വാട്സപ്പ് ഗ്രൂപ്പിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ അര്‍ജുന്‍ രാധാകൃഷ്ണനെന്ന പേരും ഫോട്ടോയും ഉണ്ടെന്നും അത് ആരുടെ നമ്പരാണെന്ന് അര്‍ജുന്‍ വ്യക്തമാക്കട്ടേയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. അര്‍ജുന്‍റെ ഭാര്യാ പിതാവിന് തൊടുപുഴയിലെ ബാറില്‍ ഓഹരിപങ്കാളിത്തമുണ്ടായിരുന്നു. അദേഹത്തിന്‍റെ മരണ ശേഷം മകളെന്ന നിലയില്‍ അര്‍ജുന്‍റെ ഭാര്യയ്ക്ക് ബാറിന്‍റെ ഓഹരി ലഭിക്കുകയായിരുന്നു.