സർക്കാർ മലബാർ മേലഖലയിൽ വിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്ന കുട്ടികളുടെ ചിറകരിയുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ. പത്താം ക്ലാസ് പാസായ അരലക്ഷത്തിലേറെ കുട്ടികൾ പ്രതിസന്ധിയിലാണ്. അതേസമയം പ്ലസ് വൺ സീറ്റുകൾ ആവശ്യത്തിലധികമെന്ന് മന്ത്രി വി. ശിവൻകുട്ടി വാദിച്ചു.
മലബാർ മേഖലയിൽ കഴിഞ്ഞ വർഷങ്ങളിൽ പ്ലസ് വൺ പ്രവേശനത്തിന് മൂന്ന് അലോട് മെൻ്റ് പൂർത്തിയായപ്പോൾ അയ്യായിരത്തിലേറെസീറ്റുകൾ ഒഴിഞ്ഞു കിടന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി. സർക്കാർ സ്കൂളുകളിലെ സീറ്റുകൾക്ക് പുറമെ ഐ. ടി. ഐ, പോളിടെക്നിക് , അൺ എയ്ഡഡ് വരെയുള്ള സീറ്റുകൾ ചേർത്താണ് മന്ത്രി കണക്കുകൾ നിരത്തിയത് . മലപ്പുറത്ത് പോലും വിജയിച്ചവരേക്കാൾ 5000 സീറ്റ് കൂടുതൽ ഉണ്ട്.
മന്ത്രിയുടെ കണക്കുകൾ തെറ്റാണെന്നും മലബാറിലെ ആറ് ജില്ലകളിൽ ഇപ്പോഴും സീറ്റ് ക്ഷാമമെന്നും പ്രതിപക്ഷം. അരലക്ഷത്തിലേറെ കുട്ടികൾ പ്രതിസന്ധിയിലാണെന്ന് അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച എൻ. ഷംസുദീൻ. വിദ്യാഭ്യാസ മേഖല സർക്കാരിന്‍റെ മുൻഗണനയിലില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി.