ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് കൃത്യമായി അടയ്ക്കാതെ സംസ്ഥാനത്തെ പൊതുമേഖലാ കമ്പനികളുടെ തീവെട്ടിക്കൊള്ള. പൊതുമേഖലാ സ്ഥാപനങ്ങള്‍ അറുപത്തിരണ്ടുകോടി മുപ്പത്തിയൊന്‍പത് ലക്ഷംരൂപയാണ് അടയ്ക്കാനുള്ളത്. വിവരമിച്ച ജീവനക്കാരുടെ പി.എഫ് തീരുവ ഇനത്തില്‍ കെ.എസ്.ആര്‍.ടി.സി പതിനെട്ട് കോടിരൂപ നല്‍കാനുണ്ടെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 

തൊഴിലുടമ ആരായാലും തൊഴിലാളിയില്‍നിന്ന് പി.എഫ് തുക പിടിച്ചശേഷമാണ് വേതനം നല്‍കുന്നത്. ഈ തുകയ്ക്ക് തുല്യമായ വിഹിതവും ചേര്‍ത്ത് ഓരോ മാസവും പി.എഫ് ഓര്‍ഗനൈസേഷനില്‍ അടയ്ക്കണം എന്നാണ് നിയമം.

എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളടക്കം ഇതില്‍ വീഴ്ച വരുത്തുന്നതിന്റെ കണക്കുകളാണ് ഇ.പി.എഫ് റീജിയണല്‍ ഓഫിസുകള്‍ പുറത്തുവിട്ടിരിക്കുന്നത്. കോട്ടയം റീജിയണല്‍ ഓഫിസ് പരിധിയിലാണ് ഏറ്റവുമധികം കുടിശികയുള്ളത് 26.08 കോടി. രണ്ടാംസ്ഥാനത്ത് എറണാകുളമാണ് 18.05 കോടി. കുടിശികയില്‍ കേസുകളും കോടതിവിധികളുമായി മുന്നോട്ടുപോകുന്ന സ്ഥാപനങ്ങളുടെ പട്ടികകൂടി. 

പി.എഫ് തുകയില്‍ കുടിശിക വന്നാല്‍ പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭിക്കില്ല. അത്യാവശ്യസമയത്ത് പി.എഫില്‍നിന്നുള്ള ലോണ്‍പോലും എടുക്കാനാകില്ല.

ENGLISH SUMMARY:

Public Sector Companies Failing to Pay Employees' PF