ആശങ്ക പരത്തി പക്ഷിപ്പനി പടരുന്നു. ആലപ്പുഴയിൽ കാക്കകൾ ചത്തത് പക്ഷിപ്പനി കാരണമാണെന്ന സ്ഥിരീകരണം വന്നതോടെ സംസ്ഥാന സർക്കാർ പഠനത്തിന് വിദഗ്ധ സംഘത്തെ നിയോഗിച്ചു. ഏപ്രിലിൽ തുടങ്ങിയ പക്ഷിപ്പനി ബാധ ഇതുവരെയും പൂർണ തോതിൽ നിയന്ത്രണ വിധേയമായിട്ടില്ല.
ആലപ്പുഴ മുഹമ്മയിൽ കാക്കകൾ അസ്വാഭാവികമായി ചത്തതിനെ തുടർന്നാണ് സാംപിൾ പരിശോധനയ്ക്കയച്ചത്. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലെ പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കേരളത്തിൽ ഇതാദ്യമായാണ് കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. ആലപ്പുഴയിലെ കഞ്ഞിക്കുഴിയിലും കോഴികൾ ചത്തതും പക്ഷിപ്പനി ബാധിച്ചാണെന്ന പരിശോധന ഫലവും കിട്ടി. ഏപ്രിൽ മാസത്തിൽ കുട്ടനാട്ടിലെ എടത്വയിൽ ആണ് താറാവുകളിൽ ആദ്യം പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. തുടർന്ന് ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പക്ഷികൾക്ക് രോഗബാധയുണ്ടായി. പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലും പക്ഷിപ്പനി കണ്ടെത്തി. തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രം , കോട്ടയം മണർകാട്ടെ കോഴി വളർത്തൽ കേന്ദ്രത്തിലും രോഗം സ്ഥിരീകരിച്ചു.
ആലപ്പുഴ ജില്ലയിൽ മാത്രം പ്രതിരോധത്തിൻ്റെ ഭാഗമായി 73,662 പക്ഷികളെ കൊന്നൊടുക്കി. മൂന്നുജില്ലകളിലായി 17 പ്രദേശങ്ങളിലാണ് പക്ഷിപ്പനി കണ്ടെത്തിയത് . കുട്ടനാട്ടിൽ താറാവുകളിലാണ് രോഗം കണ്ടെത്തിയതെങ്കിൽ ചേർത്തല താലൂക്കിലും കോട്ടയത്തും കോഴികളിലും വളർത്തു പക്ഷികൾക്കുമായിരുന്നു രോഗബാധ. പക്ഷിപ്പനി ബാധ കൂടുതൽ സ്ഥലങ്ങളിൽ കണ്ടെത്തിയതിനാൽ പഠനം നടത്തുന്നതിന് സംസ്ഥാന സർക്കാർ വിദഗ്ധ സംഘത്തെ നിയോഗിച്ചു. വെറ്ററിനറി സർവകലാശാല, സംസ്ഥാന മൃഗരോഗ പരിശോധന കേന്ദ്രം, തിരുവല്ലയിലെ പക്ഷിപ്പനി പരിശോധന ലാബ് എന്നിവിടങ്ങളിലെ വിദഗ്ധർ അടങ്ങിയ സമിതിയോട് രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.