ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ട്രൈബ്യൂണൽ ഉത്തരവിനെതിരായ സർക്കാരിന്റെയും ഏതാനും അധ്യാപകരുടെയും ഹർജി പരിഗണിച്ചാണ് ഉത്തരവ്. മാർഗ്ഗനിർദേശങ്ങൾ പാലിച്ചാണ് സ്ഥലംമാറ്റ പട്ടിക പുറത്തിറക്കിയതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു.
ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലം മാറ്റ ഉത്തരവ് ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയായിരുന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ നടപടി. ചട്ടപ്രകാരമുള്ള ഔട്ട്സ്റ്റേഷൻ വെയ്റ്റേജ് അനുവദിച്ച് പുതുക്കിയ സ്ഥലംമാറ്റപ്പട്ടികയുടെ കരട് ഒരു മാസത്തിനകം പ്രസിദ്ധീകരിക്കണമെന്നും പരാതികൾ കൂടി പരിഗണിച്ച് അന്തിമ പട്ടിക തയാറാക്കണമെന്നുമായിരുന്നു ട്രൈബ്യൂണൽ ഉത്തരവ്. ഉത്തരവിനെ തുടർന്ന് സ്കൂളിൽ നിന്ന് വിടുതൽ തേടിയ അധ്യാപകർക്ക് പുതിയ സ്ഥലത്ത് ഹാജരാകാനാകാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിലെ ഹർജികൾ.
സ്ഥലംമാറ്റത്തിനെതിരെ ട്രൈബ്യൂണലിനെ സമീപിച്ചത് 24 അധ്യാപകർ മാത്രമാണെന്നും അതിൽ 9പേർ മാത്രമാണ് സ്ഥലംമാറ്റത്തിന് മുന്നോടിയായുള്ള താൽക്കാലിക പട്ടികയിൽ എതിർപ്പ് ഉന്നയിച്ചതെന്നും സർക്കാർ അറിയിച്ചിരുന്നു. മുൻ വർഷങ്ങളിലെപ്പോലെ മാർഗനിർദേശങ്ങൾ പാലിച്ചാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും സർക്കാർ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണ് ട്രൈബ്യൂണൽ ഉത്തരവ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
ഫെബ്രുവരി 16 നാണ് ഹയർ സെക്രട്ടറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റ പട്ടിക പുറത്തിറക്കിയത്. ട്രൈബ്യൂണൽ നിർദ്ദേശത്തിന് വിരുദ്ധമായി സ്വന്തം ജില്ലയിലേക്കുള്ള സ്ഥലംമാറ്റത്തിനു മാത്രം ഔട്ട്സ്റ്റേഷൻ സർവീസ് പരിഗണിച്ചാൽ മതിയെന്നായിരുന്ന് സർക്കാർ നിലപാട്. ഇതനുസരിച്ച് പുനഃപരിശോധനാ ഹർജി നൽകിയെങ്കിലും എല്ലാ ഒഴിവുകളിലേക്കും ഔട്ട്സ്റ്റേഷൻ സേവനം പരിഗണിക്കണമെന്ന് ട്രൈബ്യൂണൽ വ്യക്തത വരുത്തി. അതിന് വിരുദ്ധമായി പുറത്തിറക്കിയ പട്ടികയാണ് റദ്ദാക്കിയിരുന്നത്.