sanju-techie-followUp

കാറിൽ നീന്തൽകുളം ഒരുക്കി യാത്ര ചെയ്ത യുട്യൂബർ സഞ്ജു ടെക്കി എന്ന ടി.എസ് സഞ്ജുവിന്‍റെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് ആജീവനാന്തം റദ്ദ് ചെയ്തു.  വാഹനത്തിന്‍റെ റജിസ്ട്രേഷനും ഒരുവർഷത്തേക്ക് റദ്ദാക്കി. നീന്തൽക്കുളം  ഒരുക്കിയ കാറോടിച്ചിരുന്ന സൂര്യ നാരായണന്‍റെ ലൈസൻസും ഒരു വർഷത്തേക്ക് റദ്ദ് ചെയ്തു . ആലപ്പുഴ  മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ ആർ.രമണനാണ് നടപടിയെടുത്തത്.  സഞ്ജു നൽകിയ  മറുപടി അംഗീകരിച്ചില്ല.   

കഴിഞ്ഞ മാസം 17നാണ് കാറിലെ  സീറ്റ് മടക്കി ടാർപോളിൻ ഇട്ട് വെള്ളം നിറച്ച് സ്വിമ്മിങ് പൂളാക്കി മാറ്റിയ ശേഷം നഗരത്തിലൂടെ സഞ്ജുവും സുഹൃത്തുക്കളും കാര്‍ യാത്ര നടത്തിയത്.  അപകടകരമായ  യാത്രക്കിടെ വാഹനത്തിലെ എയർ ബാഗ് പൊട്ടി  വെള്ളം പുറത്തേക്ക് ഒഴുകിയതിന്‍റെ ദൃശ്യങ്ങൾ ഗതാഗത കമ്മിഷ്ണര്‍ക്ക് ലഭിച്ചതോടെയാണ് വിവാദമായത്. ഹൈക്കോടതിയും സ്വമേധയാ കേസെടുത്തിരുന്നു.

ശിക്ഷനടപടിയുടെ പ്രാരംഭപടിയെന്നോണം സഞ്ജുവിനെ ആദ്യം മോട്ടോര്‍ വാഹന വകുപ്പിന്‍റെ ക്ലാസുകളില്‍ പങ്കെടുപ്പിച്ചു. എന്നാല്‍ ഇതിനെ പരിഹസിച്ചും വിഡിയോ സഞ്ജു അപ്​ലോഡ് ചെയ്യുകയായിരുന്നു. സഞ്ജുവിന്‍റെ വിഡിയോ നിയമലംഘനം പ്രോല്‍സാഹിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി വിഡിയോ പിന്‍വലിക്കണമെന്ന് യൂട്യൂബിനോട് അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

Motor Vehicle Department suspends Youtuber Sanju Techy's driving license over repeated violations.