കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച തിരുവല്ല  നിരണം, കീഴ്‌വായ്പൂർ , കോട്ടയം പാമ്പാടി സ്വദേശികളുടെ സംസ്കാരം നടന്നു. പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു, ചെങ്ങന്നൂരിൽ താമസമാക്കിയ നിരണം സ്വദേശി മാത്യു തോമസ്, കീഴ്‌വായ്പൂർ സ്വദേശി സിബിൻ ടി.എബ്രഹാം എന്നിവരുടെ മൃതദേഹങ്ങളാണ് സംസ്കരിച്ചത്. 

പുതിയ വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു മടങ്ങിയത്. രാവിലെ മാങ്ങാനത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്ന് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിച്ച മ്യതദേഹം നിർമാണം പൂർത്തിയാകാത്ത പുതിയ വീട്ടിലും പൊതുദർശനത്തിന് വെച്ചു. സ്റ്റെഫിൻ ജോലി ചെയ്തിരുന്ന എൻബിടിസി കമ്പനി ചെയർമാൻ  കെ ജെ എബ്രഹാം ഉൾപ്പെടെയുള്ളവർ അന്ത്യോപചാരം അർപ്പിക്കാനെത്തി. ഉച്ചയോടെ പാമ്പാടി ഒമ്പതാം മൈൽ ഐപിസി ബഥേൽ ചർച്ചിൽ സംസ്കാരം നടന്നു.

ഏകമകളുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ ആഗസ്റ്റിൽ നാട്ടിലേക്ക് മടങ്ങാനിരുന്ന സിബിൻ ടി എബ്രഹാമിന്റെ വിയോഗം നാട്ടുകാർക്ക് ഞെട്ടലായിരുന്നു. മൂന്നു മാസങ്ങൾക്കു മുമ്പ് ഭാര്യയും ഇപ്പോൾ മകനും നഷ്ടപ്പെട്ട സങ്കടം പറഞ്ഞ് പൊട്ടിക്കരഞ്ഞ പിതാവ് എബ്രഹാമിനെ ആശ്വസിപ്പിക്കാൻ കൂടി നിന്നവർക്കും കഴിഞ്ഞില്ല. വൈകിട്ട് നാലുമണിയോടെ കീഴ്വായ്പൂർ സെൻറ് തോമസ് മാർത്തോമ്മാ പള്ളിയിലായിരുന്നു സിബിന്റെ സംസ്കാരം.

മകളുടെ എംബിഎ അഡ്മിഷൻ ശരിയാക്കി കഴിഞ്ഞ ഫെബ്രുവരിയിൽ വിദേശത്തേക്ക് മടങ്ങിയ മാത്യു തോമസിന്റെ വിയോഗം നാടിനെ ഒന്നാകെ വേദനയിലാഴ്ത്തി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്ന് രാവിലെ 9 മണിയോടെ ഭൗതികദേഹം വീട്ടിലെത്തിച്ചു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ആദരാഞ്ജലി അർപ്പിക്കാനെത്തി. വൈകിട്ട് നാലുമണിയോടെ വന്മഴി കാളികുന്ന് യോർദ്ദാൻപുരം സെന്റ് ഗ്രിഗറിയോസ് ഓർത്തഡോക്സ് പള്ളിയിലായിരുന്നു സംസ്കാരം.

ENGLISH SUMMARY:

Cremation held for Tiruvalla, Niranam, Kirvaipur, and Kottayam Pampadi residents who died in the Kuwait fire