കൊച്ചി കാക്കനാട്ടെ ഡിഎല്‍എഫ് ഫ്ലാറ്റിൽ മലിനജലം കുടിച്ച് കുട്ടികളടക്കം 800പേർക്ക് രോഗബാധ. പരിശോധനയിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമടക്കം സ്ഥിരീകരിച്ചിട്ടും ആശുപത്രികളും ഫ്ലാറ്റ് അധികൃതരും വിവരം മറച്ചുവച്ചതായി ആരോപണം. രോഗവ്യാപനം തീവ്രമായതോടെ പ്രതിരോധ നടപടികളും പരിശോധനകളും ഊർജിതമാക്കി ആരോഗ്യവകുപ്പ്.
മെയ് പകുതിയോടെതന്നെ 1500ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റ്സമുച്ചയത്തിൽ രോഗവ്യാപനമുണ്ടായി. മെയ് 29ന് ഫ്ലാറ്റിലെ മഴവെള്ളസംഭരണിയിലെ വെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ജൂൺ ഒന്നിന് ഛർദ്ദിയും വയറിളക്കവുമായി ആദ്യ രോഗി ആശുപത്രിയിലെത്തി. ഇന്നലെ വരെ 338പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെന്ന് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്. രോഗബാധിതരുടെ അനൗദ്യോഗിക ക്കണക്ക് ഇതിന്റെ മൂന്നിരട്ടിയെന്ന താമസക്കാർ. വിവരം മൂടിവെക്കാൻ ശ്രമമുണ്ടായെന്നും ആരോപണം.
താമസക്കാരുടെ സംശയങ്ങൾ ശരിവെക്കുന്നതാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. സ്വകാര്യ ആശുപത്രികൾ അടക്കം വിവരം മറച്ചുവെച്ചതാണു സ്ഥിതി സങ്കീർണമാക്കിയത്. രോഗം പടർന്ന് പിടിക്കുമ്പോളും എല്ലാം നിയന്ത്രണവിധേയമെന്ന മുട്ടാപ്പോക്കാണു ഫ്ലാറ്റ് അസോസിയേഷന്റെ മറുപടി. പഴി മഴക്കാലത്തിനും സ്കൂളിനും ഭക്ഷ്യവിതരണക്കാർക്കു. റാപിഡ് രേസ്പോൻസ് ടീമിന് രൂപം നൽകി ആരോഗ്യവകുപ്പ് രോഗപ്രതിരോധ നടപടികൾ തുടങ്ങി.